മെല്‍ബണ്‍: ജിംനാസ്റ്റിക്സ് ലോകകപ്പില്‍ ആദ്യ വ്യക്തിഗത മെഡല്‍ നേടിയ ഇന്ത്യന്‍ താരമെന്ന ബഹുമതി ഇനി അരുണ ബുദ്ധ റെഡ്ഢിക്കു സ്വന്തം. മെല്‍ബണില്‍ നടക്കുന്ന ജിംനാസ്റ്റിക്സ് ലോകകപ്പില്‍ വെങ്കലമെഡല്‍ നേടിക്കൊണ്ടാണ് അരുണ പുതിയ ചരിത്രമെഴുതിയത്. വനിതകളുടെ വോള്‍ട്ട് ഇനത്തിലാണ് അരുണ വെങ്കലമണിഞ്ഞത്. 13.649 പോയിന്റുണ്ട് അരുണയ്ക്ക്. സ്വര്‍ണം നേടിയതു സ്ലോവേനിയയുടെ തജാസ കയ്സ്ലഫും വെള്ളി നേടിയത് ഓസ്ട്രേലിയയുടെ എമിലി വൈറ്റ്ഹെഡുമാണ്. ഇന്ത്യയുടെ മറ്റൊരു താരം പരന്ദി നായക് 13.416 പോയിന്റുമായി ആറാം സ്ഥാനത്തെത്തി.
ഇരുപത്തിരണ്ടുകാരിയായ അരുണ കരാട്ടെ ബ്ലാക് ബെല്‍റ്റാണ്. 2005ല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിക്കൊണ്ടാണ് അരുണ ജിംനാസ്റ്റിക്സിലേക്കു കടന്നത്. 2014 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വോള്‍ട്ട് യോഗ്യത റൗണ്ടില്‍ താരത്തിന് 14-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. ഏഷ്യന്‍ ഗെയിംസില്‍ ഒമ്പതാം സ്ഥാനത്തുമെത്തി. 2017ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വോള്‍ട്ട് ഇനത്തില്‍ അരുണയ്ക്ക് ആറാം സ്ഥാനത്തെത്താനെ സാധിച്ചുള്ളൂ.
2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആശിഷ് കുമാര്‍ നേടിയ വെങ്കല മെഡലാണ് ജിംനാസ്റ്റിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍. ആറു വര്‍ഷത്തിനുശേഷം 2016 റിയോ ഒളിമ്പിക്സില്‍ യോഗ്യത നേടിയ ദിപ കര്‍മാകര്‍ 52 വര്‍ഷത്തിനുശേഷം ഒളിമ്പിക്സിനു യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി. റിയോയില്‍ ഫൈനലില്‍ പ്രവേശിച്ച ദിപയ്ക്ക് നേരിയ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്.
ജിംനാസ്റ്റിക്സില്‍ അരുണ ചരിത്രം കുറിച്ചു
12:41 AM Feb 25, 2018 | Deepika.com