ഹൈദരാബാദ്: വനിത അണ്ടര്‍ 23 ഏകദിനത്തില്‍ കേരളം തമിഴ്നാടിനെ ഒരു വിക്കറ്റിനു തോല്‍പ്പിച്ചു. തമിഴ്നാട് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം കേരളം 48.5 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തി.
ക്യാപ്റ്റന്‍ എസ്. സജന (72)യുടെ പ്രകടനമാണ് കേരളത്തെ വിജയത്തിലെത്തിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് ഓപ്പണര്‍മാരായ എല്‍. നേത്ര (108 നോട്ടൗട്ട്), ഡി. ഹേമലത (58) എന്നിവരുടെ മികവില്‍ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റിന് 204 റണ്‍സ് എടുത്തു. 26 ഓവറില്‍ ഒരു വിക്കറ്റിന് 116 എന്ന നിലയില്‍നിന്ന തമിഴ്നാടിനെ കേരളത്തിന്റെ മികച്ച ബൗളിംഗും ഫീല്‍ഡിംഗുമാണ് വന്‍ സ്കോര്‍ നേടുന്നതില്‍നിന്നു തടഞ്ഞത്.
മറുപടി ബാറ്റിംഗില്‍ കേരളത്തിന് തകര്‍ച്ചയായിരുന്നു. ഏഴിന് 100 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ സജന-ജിപ്സ കൂട്ടുകെട്ട് നേടിയ 96 റണ്‍സാണ് വിജയത്തിലേക്കു നയിച്ചത്. കേരളത്തിന്റെ സ്കോര്‍ 196ലെത്തിയപ്പോള്‍ ജിപ്സ പുറത്തായി. ഒരു റണ്‍ കൂടിയെത്തിയപ്പോള്‍ അനീന മാത്യു (0) പുറത്തായി. എന്നാല്‍ സൗഭാഗ്യയും സജനയും കേരളത്തെ വിജയത്തിലെത്തിച്ചു.
അണ്ടര്‍ 23 ഏകദിനം: കേരളത്തിനു ജയം
12:41 AM Feb 25, 2018 | Deepika.com