ലണ്ടൻ/മാഡ്രിഡ്: സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡ്, ഇംഗ്ലണ്ടിൽനിന്നുള്ള ആഴ്സണൽ, ഇറ്റാലിയൻ സംഘം എസി മിലാൻ തുടങ്ങിയ ടീമുകൾ യൂറോപ്പ ലീഗ് ഫുട്ബോൾ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. രണ്ടാംപാദ മത്സരത്തിൽ സ്വന്തം തട്ടകത്തിൽവച്ച് 2-1നു പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തിലെ ജയത്തിന്റെ ബലത്തിലാണ് ആഴ്സണൽ പ്രീക്വാർട്ടർ കണ്ടത്.
സ്വീഡിഷ് ക്ലബ് ഓസ്റ്റർസണ്ട്സിനോടാണ് രണ്ടാം പാദ മത്സരത്തിൽ ആഴ്സണൽ പരാജയപ്പെട്ടത്. സ്വീഡനിൽവച്ച് നടന്ന ആദ്യ പാദത്തിൽ ഗണ്ണേഴ്സ് 3-0നു വിജയിച്ചിരുന്നു. ഇരു പാദങ്ങളിലുമായി 4-2ന്റെ മുൻതൂക്കത്തോടെ ആഴ്സണൽ പ്രീക്വാർട്ടറിലേക്ക് മുന്നേറുകയും ചെയ്തു. ഓസ്റ്റർസണ്ട്സിനായി ഹൊസൻ ആയിഷ് (22 മിനിറ്റ്), കെൻ സെമ (23 മിനിറ്റ്) എന്നിവരാണ് ഗോൾ നേടിയത്. 47-ാം മിനിറ്റിൽ സീഡ് കൊലാസിനാകിലൂടെ ആഴ്സണൽ ഒരു ഗോൾ മടക്കി.
കെവിൻ ഗെമീറോ ഏഴാം മിനിറ്റിൽ നേടിയ ഗോളിൽ രണ്ടാം പാദത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് 1-0ന് ഡെന്മാർക്കിൽനിന്നുള്ള എഫ്സി കോപ്പൻഹെഗനെ പരാജയപ്പെടുത്തി. ഇതോടെ ഇരു പാദങ്ങളിലുമായി 5-1ന്റെ ജയത്തോടെ സ്പാനിഷ് ക്ലബ് പ്രീക്വാർട്ടറിൽ കടന്നു.
രണ്ടാം പാദത്തിൽ ബൾഗേറിയൻ ക്ലബ് ലുഡൊഗോറെറ്റ്സിനെതിരേ 1-0നു ജയിച്ചാണ് എസി മിലാൻ പ്രീക്വാർട്ടറിൽ കടന്നത്. ആദ്യ പാദത്തിൽ 3-0ന് ഇറ്റാലിയൻ സംഘം ജയിച്ചിരുന്നു.
യൂറോപ്പ ലീഗ് ഫുട്ബോൾ : അത്ലറ്റിക്കോ, ആഴ്സണൽ, എസി മിലാൻ പ്രീക്വാർട്ടറിൽ
12:54 AM Feb 24, 2018 | Deepika.com