കോഴിക്കോട്: ദേശീയസീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം മത്സരത്തിലും ചുവടു പിഴയ്ക്കാതെ പോരാടിയ കേരളത്തിന്റെ പുരുഷ ടീം ഗ്രൂപ്പ് ചാമ്പ്യന്മാരായി. പഞ്ചാബിനെ തോല്‍പിച്ചാണു തുടര്‍ച്ചയായ മൂന്നാംദിവസവും ആതിഥേയര്‍ വിജയക്കുതിപ്പ് തുടര്‍ന്നത്. സ്കോർ: 25-20, 25-20, 27-25.
ഗ്രൂപ്പ് എയിൽ രാജസ്ഥാനെയും ആന്ധ്രപ്രദേശിനെയും പഞ്ചാബിനെയും ഏകപക്ഷീയമായാണു കേരളം പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ചാമ്പ്യന്മാരായ കേരളത്തിന്റെ ക്വാര്‍ട്ടര്‍ എതിരാളി ആരെന്ന് ഇന്നത്തെ പ്ലേഓഫ് മത്സരത്തോടെ വ്യക്തമാകും.
യുവതാരം അജിത്ത്ലാലിന്റെയും ക്യാപ്റ്റന്‍ ജെറോമിന്റെയും മിന്നല്‍ സ്മാഷുകളും രോഹിതിന്റെ മികച്ച ബ്ലോക്കുകളുമാണ് കേരളത്തിന് വിജയമൊരുക്കിയത്. ആദ്യസെറ്റില്‍ ജെറോമിന്റെ സ്മാഷുകള്‍ പഞ്ചാബിന്റെ കളം കുലുക്കിയപ്പോള്‍ ഗാലറിയും ആവേശത്തിലായി.
മറ്റു മത്സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ നാലു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കര്‍ണാടക ഡല്‍ഹിയെ മറികടന്നു. ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് ഛത്തീസ്ഗഡ്, ബിഹാറിനെയും ആന്ധ്രപ്രദേശ് രാജസ്ഥാനെയും തോല്‍പ്പിച്ചു. വനിതാ വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു സെറ്റുകള്‍ക്ക് ഹിമാചല്‍പ്രദേശ് ജമ്മുകാഷ്മീരിനെയും റെയില്‍വേ ആന്ധ്രപ്രദേശിനെയും തോല്‍പ്പിച്ചു.
ദേശീയസീനിയര്‍ വോളിബോള്‍ : കേരളം ഗ്രൂപ്പ് ചാന്പ്യൻ
12:54 AM Feb 24, 2018 | Deepika.com