മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ മുംബൈ അരീനയിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്സി രണ്ടിനെതിരേ മൂന്നു ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചു. ആദ്യം മുതൽ അവസാനം വരെ വാശിയേറിയ മത്സരത്തിൽ ഒരു സെൽഫ് ഗോൾ വഴങ്ങിയ ശേഷമാണ് മുംബൈ വിജയം നേടിയത്. സമനിലയെന്നു തോന്നിയ മത്സരത്തിൽ അവസാന മിനിറ്റിൽ ലൂസിയൻ ഗോയിൻ നേടിയ ഗോളാണ് മുംബൈക്കു ജയവും സെമി പ്രതീക്ഷയും നൽകിയത്. ഈ വിജയത്തോടെ 16 മത്സരങ്ങളിൽ നിന്നും 23 പോയിന്റുമായി അവർ പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. രണ്ട് കളികൾകൂടി ബാക്കിയുള്ള മുംബൈക്ക് ഈ വിജയം നേരിയ സെമി സാധ്യത നൽകി.
15-ാം മിനിട്ടിൽ ഗോളടിച്ചു ലീഡ് നേടിയ മുംബൈ പത്ത് മിനിറ്റിനുള്ളിൽ സെൽഫ് ഗോളിലൂടെ സമനില വഴങ്ങി. ഒന്നാം പകുതി അവസാനിക്കുന്നതിന് മുന്പ് ഒരു ഗോൾ നേടി നോർത്ത് ഈസ്റ്റ് ലീഡും സ്വന്തമാക്കി. എന്നാൽ, രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് മുംബൈ വിജയം സ്വന്തമാക്കിയത്.
മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് കിട്ടിയ പന്തുമായി കുതിച്ച എവർട്ടണ് സാന്റോസ് കൊടുത്ത ക്രോസ് നോർത്ത് ഈസ്റ്റിന്റെ പ്രതിരോധത്തിനിടയിലൂടെ ഗോളാക്കിയാണ് മുംബൈ തുടക്കമിട്ടത്. ബോക്സിന് പുറത്തുനിന്നുള്ള അഖിലെ ഇമാനയുടെ ഗ്രൗണ്ടർ വലയുടെ ഇടതു മൂലയിൽ കയറി. ഒരു ഗോൾ വീണതോടെയാണ് മുംബൈ കൂടുതൽ ആക്രമണങ്ങളിലേക്ക് തിരിഞ്ഞത്. വാശിയേറിയതോടെ നോർത്ത് ഈസ്റ്റും വിട്ടുകൊടുത്തില്ല. 24-ാം മിനിട്ടിൽ അവരും ലക്ഷ്യം കണ്ടു. മാക്ക് സെമ ബോക്സിലേക്ക് മറിച്ച പന്തിൽ ഗുർസിമ്രത്തിന്റെ ഷോട്ട്. വലയ്ക്കു പുറത്തേക്ക് പോകുന്ന പന്ത് തടയാൻ ശ്രമിച്ച മുംബൈ ക്യാപ്റ്റൻ ലൂസിയാൻ ഗോയിന്റെ കാലിൽ തട്ടി വലയിലായി. സമനില പിടിച്ചതോടെ വടക്ക് കിഴക്കിന്റെ കളിക്കാർ നിരന്തരം ഭീഷണിയുയർത്തി. അതിന് അവർ ഫലം കണ്ടെത്തി. ലാൽറിന്ദിക റാൽത്തെയുടെ കോർണറിൽ അവരുടെ പോർച്ചുഗൽ താരം മമദു സാംബ ഹെഡറിലൂടെ പന്തു വലയിലെത്തിക്കുകയായിരുന്നു.
54-ാം മിനിട്ടിൽ ബ്രസീൽ താരം എവർട്ടണ് സാന്റോസിലൂടെ അവർ സമനില പിടിച്ചു. ബോക്സിൽനിന്നു റാഫേൽ നൽകിയ പാരലൽ പാസ് കനത്ത ഷോട്ടിലൂടെ എവർട്ടണ് വല കുലുക്കി. സമനില പിടിച്ചതോടെ മുംബൈ വിജയ ഗോളിനായി നോർത്ത് ഈസ്റ്റ് പ്രതിരോധത്തെ വിറപ്പിച്ചു.
സമനിലയിലേക്ക് പോകുമെന്ന ഘട്ടത്തിലാണ് തന്റെ സെൽഫ് ഗോളിന് പ്രായശ്ചിത്തം ചെയ്തുകൊണ്ട് ലൂസിയാൻ ടീമിന്റെ രക്ഷകനാകുന്നത്. രാജു ഗെയ്ക്വാദ് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ലക്ഷ്യത്തിലേക്ക് എത്തിക്കാൻ വലിയ പ്രയാസമുണ്ടായില്ല.
ഐഎസ്എൽ പോയിന്റ് നില
ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
ബംഗളൂരു 16 11 1 4 34
പൂന 16 9 2 5 29
ചെന്നൈയിൻ 16 8 4 4 28
ജംഷഡ്പുർ 16 7 5 4 26
കേരള ബ്ലാസ്റ്റേഴ്സ് 16 6 6 4 24
മുംബൈ 16 7 2 7 23
ഗോവ 15 6 3 6 21
എടികെ 15 3 4 8 13
ഡൽഹി 15 3 3 9 12
നോർത്ത് ഈസ്റ്റ് 17 3 2 11 11
മുംബൈക്കു ജയം
01:03 AM Feb 23, 2018 | Deepika.com