ഓക്ലൻഡ്: ബാറ്റ്സ്മാന്റെ ബാറ്റിൽനിന്ന് വെടിയുണ്ട കണക്ക് പാഞ്ഞ പന്ത് ബൗളറുടെ തലയിൽകൊണ്ട് നിലംതൊടാതെ ബൗണ്ടറി ലൈൻ കടന്നു! ന്യൂസിലൻഡിലെ ആഭ്യന്തര മത്സരമായ ഫോഡ് ട്രോഫിയിലാണ് ഈ അദ്ഭുത സിക്സർ പിറന്നത്. ആയുസിന്റെ ബലംകൊണ്ട് രക്ഷപ്പെട്ട ബൗളർ കന്റർബറിയുടെ ആൻഡ്രൂ എല്ലിസും!
ആൻഡ്രൂ എല്ലിസിന്റെ പന്ത് ബാറ്റ് ചെയ്തത് ഇന്ത്യൻ വംശജനായ ടെസ്റ്റ് താരം ജീത് റാവലാണ്. ജീതിന്റെ ബാറ്റിൽനിന്ന് പാഞ്ഞ പന്ത് എല്ലിസിന്റെ തലയിൽകൊണ്ടെങ്കിലും ലോംഗ് ഓണിലൂടെ സിക്സർ ആയി. പന്ത് ശരിക്ക് തലയിൽ കൊള്ളാത്തതിനാലാണ് എല്ലിസ് രക്ഷപ്പെട്ടത്. മറിച്ചായിരുന്നെങ്കിൽ മറ്റൊരു ക്രിക്കറ്റ് ദുരന്തമാകുമായിരുന്നു അത്. മൈതാനത്തിനു പുറത്തുവച്ച് എല്ലാ പരിശോധനകൾക്കുംശേഷം തിരച്ചെത്തി എല്ലിസ് മത്സരം പൂർത്തിയാക്കുകയും ചെയ്തു.
മത്സരത്തിൽ ജീത് 153 പന്തിൽനിന്ന് 149 റണ്‍സ് നേടി. പത്ത് ഫോറും നാല് സിക്സും ഉൾപ്പെടെയാണിത്.
ആയുസിന്റെ ബലം; ബൗളറുടെ തലയിൽകൊണ്ടൊരു സിക്സ്!
01:21 AM Feb 22, 2018 | Deepika.com