ലണ്ടന്‍: വില്യന്റെ ഇരട്ട ഗോള്‍ മികവില്‍ ചെല്‍സി എഫ്എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ചെല്‍സി 4-0ന് ഹള്‍സിറ്റിയെ തോല്‍പ്പിച്ചു.
ചാമ്പ്യന്‍സ് ലീഗില്‍ അടുത്തയാഴ്ച ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ബാഴ്സലോണയെ നേരിടുന്നതിനുമുമ്പ് ചെല്‍സിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന വിജയമാണ് സ്വന്തം സ്റ്റാംഫര്‍ഡ് ബ്രിഡ്ജ് ഗ്രൗണ്ടില്‍ നേടിയത്. ആദ്യപകുതിയിലായിരുന്നു നാലു ഗോളും. വില്യന്റെ ഇരട്ട ഗോളിനു പുറമെ പെഡ്രോയും ഒളിവര്‍ ഗിരുവും ഹള്‍ സിറ്റിയുടെ വലകുലുക്കി. രണ്ടാം പകുതിയില്‍ ഹള്‍ സിറ്റി പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കാനുള്ള അവസരം നഷ്ടമാക്കി.
രണ്ടാം മിനിറ്റില്‍ ഗിരുവിന്റെ അസിസ്റ്റില്‍ വില്യന് ചെല്‍സിയുടെ ഗോളടിക്കു തുടക്കമിട്ടു. 27-ാം മിനിറ്റില്‍ പെഡ്രോയിലൂടെ ചെല്‍സി ലീഡ് ഉയര്‍ത്തി. ഗിരുവിന്റെ പാസില്‍ 32-ാം മിനിറ്റില്‍ വില്യന് രണ്ടാം ഗോള്‍ നേടി. 42-ാം മിനിറ്റില്‍ ഗിരു വലകുലുക്കി.
ഏഴു മാറ്റങ്ങളുമായാണ് ചെല്‍സി കോച്ച് അന്റോണിയോ കോന്റ ടീമിനെ ഇറക്കിയത്. ഈ ജയം കോന്റയ്ക്കും ആശ്വാസമായി. ചൊവ്വാഴ്ച ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ പ്രീക്വാര്‍ട്ടറിന് ബാഴ്സലോണ സ്റ്റാംഫര്‍ഡ് ബ്രിഡ്ജിലെത്തും.
വില്യന് ഇരട്ട ഗോള്‍; ചെല്‍സി ക്വാര്‍ട്ടറില്‍
01:06 AM Feb 18, 2018 | Deepika.com