ലണ്ടൻ: സഹകളിക്കാരൻ ചേതേശ്വർ പൂജാരയുടെ പാത പിന്തുടർന്ന് ഇഷാന്ത് ശർമയും കൗണ്ടിക്രിക്കറ്റിലേക്ക്. ഐപിഎലിൽ ആർക്കും വേണ്ടാതെ പോയ താരമാണ് ഇന്ത്യയുടെ പേസ് ബൗളറായ ഈ നീളൻ തലമുടിക്കാരൻ. ഇതിനെത്തുടർന്നാണ് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ അരങ്ങേറാൻ ഇഷാന്ത് തീരുമാനിച്ചതും. സസെക്സിനു വേണ്ടിയാണ് ഇഷാന്ത് പന്തെറിയുക. സസെക്സുമായുള്ള ചർച്ചകളെല്ലാം പൂർത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു.
ബിസിസിഐയുടെ അംഗീകാരം ലഭിച്ചാൽ ഇഷാന്തിന് ലണ്ടനിലേക്കു വിമാനം കയറാം. ഏപ്രിൽ നാലു മുതൽ ജൂൺ നാലുവരെയാണ് കരാർ. 2007ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ ഇഷാന്ത് ശർമ 81 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 234 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 80 ഏകദിനങ്ങളിൽ നിന്ന് 115 വിക്കറ്റുകളും എട്ട് ട്വന്റി20 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ കളിക്കാൻ അവസരം തന്ന സസെക്സ് ടീം മാനേജ്മെന്റിനോട് തനിക്ക് വലിയ നന്ദിയുണ്ടെന്ന് ഇഷാന്ത് പ്രതികരിച്ചു.
ഐപിഎലിനു വേണ്ടാത്ത ഇഷാന്ത് ശർമ കൗണ്ടി ക്രിക്കറ്റിലേക്ക്
12:15 AM Feb 17, 2018 | Deepika.com