ധര്‍മശാല: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനു മൂന്നാംജയം. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ കേരളം 120 റണ്‍സിനു പരാജയപ്പെടുത്തി. കേരളം ഉയര്‍ത്തിയ 262 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഉത്തര്‍പ്രദേശ് 141 റണ്‍സിന് പുറത്താകുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം രോഹന് പ്രേം (66 നോട്ടൗട്ട്), അരുണ്‍ കാര്‍ത്തിക് (54) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 261 റണ്‍സ് എടുത്തു. ജലക് സക്സേന(37), സച്ചിന് ബേബി (38) എന്നിവരും കേരളത്തിനായി മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. സഞ്ജു സാംസണു(14) തിളങ്ങാന്‍ കഴിഞ്ഞില്ല. ഉത്തര്‍പ്രദേശിനായി മോനിഷ് ഖാന് 43 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഉത്തര്‍പ്രദേശിന് സ്കോര്‍ ആറിലെത്തിയപ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടമായി. ഒരുഘട്ടത്തില്‍ 33/4 എന്ന നിലയിലായിരുന്നു യുപി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ കേരളം കൂറ്റന്‍ വിജയം നേടി. 31 റണ്‍സ് നേടിയ മുഹമ്മദ് സൈഫാണ് ഉത്തര്‍പ്രദേശ് ടോപ് സ്കോറര്‍. 39.2 ഓവറില്‍ ഉത്തര്‍പ്രദേശിന്റെ പോരാട്ടം അവസാനിച്ചു.
സന്ദീപ് വാര്യര്‍, അക്ഷയ് കെ.സി. എന്നിവര്‍ മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ സച്ചിന് ബേബി രണ്ടു വിക്കറ്റ് വീഴ്ത്തി.
ജയത്തോടെ ഗ്രൂപ്പ് ബിയില്‍ കേരളം രണ്ടാം സ്ഥാനത്തെത്തി. അഞ്ചു മത്സരങ്ങളില്‍നിന്ന് കേരളത്തിനു 14 പോയിന്റുണ്ട്. ആറു മത്സരങ്ങളില്‍നിന്നു 16 പോയിന്റുമായി ഡല്‍ഹിയാണ് ഗ്രൂപ്പില്‍ ഒന്നാമത്.
വിജയ് ഹസാരെ: കേരളത്തിനു മൂന്നാംജയം
11:51 PM Feb 15, 2018 | Deepika.com