കോഴിക്കോട്/തിരുവനന്തപുരം: അറുപത്തിയാറാമത് ദേശീയ സീനിയർ വോളി ചാമ്പ്യൻഷിപ്പിനെ വരവേൽക്കാൻ കോഴിക്കോടൊരുങ്ങി. 21 മുതൽ 28 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 28 പുരുഷ ടീമുകളും, 26 വനിതാ ടീമുകളുമാണു പങ്കെടുക്കുന്നത്. നീണ്ട 16 വർഷങ്ങൾക്കു ശേഷമാണ് കേരളം ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്.
മുഖ്യ വേദിയായ കാലിക്കറ്റ് ട്രേഡ് സെന്റർ ഇൻഡോർ സ്റ്റേഡിയത്തിൽ 20ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന വോളിബോൾ അസോസിയേഷൻ എക്സിക്യുട്ടീവ് അംഗങ്ങളായ കെ.സി ഏലമ്മ, ചന്ദ്രൻ, മുഖ്യ സ്പോണ്സർ ഗോകുലം ഗോപാലൻ എന്നിവർ അറിയിച്ചു.
ചാമ്പ്യൻഷിപ്പിന്റെ പ്രചാരണാർഥം 17മുതൽ 20 വരെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലൂടെ അർജുന അവാർഡ് ജേതാവ് കെ.സി. ഏലമ്മയുടെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണം നടക്കും. 17 ന് രാവിലെ പത്തിന് ഇന്ത്യൻ മുൻ വോളിബോൾ കോച്ച് എ. അച്യുതക്കുറുപ്പിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിച്ച് 20ന് സാംസ്കാരിക ഘോഷയാത്രയോടെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ സമാപിക്കും. അന്ന് കാലിക്കട്ട് പ്രസ് ക്ലബ്ബും കണ്ണൂർ പ്രസ് ക്ലബ്ബും തമ്മിൽ സെലിബ്രിറ്റി വോളിബോൾ മത്സരം ഉണ്ടായിരിക്കുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 40 വയസിനു മുകളിലുള്ള വനിതകളുടെ മത്സരവും നടക്കും. 19 ന് കേരളത്തിലെ കോളജുകൾ തമ്മിൽ ഇന്റർകൊളീജിയറ്റ് മത്സരം അരങ്ങേറും.
20 ന് വൈകുന്നേരം അഞ്ചിന് സ്വപ്നനഗരിയിലെ കാലിക്കട്ട് ട്രേഡ് സെന്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സ്കൂൾ കോളജ് വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിക്കും. രാവിലെ 7.30 മുതൽ10 വരെയാണു മത്സരങ്ങൾ . വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ഉച്ചവരെ നടക്കുന്ന മത്സരങ്ങളിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.
പരിപാടിയോടനുബന്ധിച്ച് വൈവിധ്യമാർന്ന സ്റ്റാളുകൾ മേളയിലുണ്ടാകും. പ്രചാരണാർഥം കേരളത്തിലെ എല്ലാ വോളിബോൾ ക്ലബ്ബുകളും, കോളജുകളും സ്കൂളുകളും അണിനിരക്കുന്ന ഒരു ലക്ഷം സർവീസസ് എന്ന ലക്ഷ്യത്തോടെ ‘സർവീസ് മഴ’സംഘടിപ്പിക്കും. ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുള്ള കേരളത്തിലെ സീനിയർ കളിക്കാരെ 26ന് ആദരിക്കും. ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം മത്സരത്തിന്റെ മുഖ്യ സ്പോൺസറായ ഗോകുലം ഗോപാലൻ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസന് നൽകി നിർവഹിച്ചു. മുൻ മേയർ ഒ. രാജഗോപാൽ പരിപാടിയുടെ പ്രൊമോ സിഡി പ്രകാശനം ചെയ്തു.
ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ചാന്പ്യൻഷിപ്പിന്റെ ടൈറ്റിൽ സ്പോണ്സർ. ഗോകുലം സീനിയർ നാഷണൽ വോളിബോൾ ചാന്പ്യൻഷിപ്പെന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്. 200 രൂപ, 1000 രൂപ, 10000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. 2007ലാണ് സംസ്ഥാന വനിതാ ടീം അവസാനമായി കിരീടം നേടിയത്. 2016 ലെ പുരുഷവിഭാഗം ചാന്പ്യന്മാരായിരുന്നു കേരളം.
ദേശീയ സീനിയർ വോളിക്ക് കോഴിക്കോട് ഒരുങ്ങി
11:50 PM Feb 13, 2018 | Deepika.com