ടൂറിന്/ബാസല്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആവേശകരമായ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്നു തുടക്കമാകും. ഇന്നു നടക്കുന്ന ആദ്യപാദ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസിനെ നേരിടാനായി ടൂറിനില്‍ ഇറങ്ങും. സ്വിറ്റ്സര്‍ലന്‍ഡ് ക്ലബ് ബാസല്‍ എഫ്സി മാഞ്ചസ്റ്റര്‍ സിറ്റിയെ സ്വന്തം ഗ്രൗണ്ട് സെന്റ് ജേക്കബ് പാര്‍ക്കിലേക്കു ക്ഷണിക്കും.
ഈ സീസണില്‍ ടോട്ടനവും യുവന്റസും ആഭ്യന്തര ലീഗ് മത്സരങ്ങളില്‍ മികവിലെത്തിയിട്ടില്ല. പ്രീമിയര്‍ ലീഗില്‍ ടോട്ടനം നിലവില്‍ നാലാം സ്ഥാനത്താണ്. സീരി എയില്‍ നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരങ്ങളില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇരു ടീമും ഇറങ്ങുന്നത്. ടോട്ടനം ആഴ്സണലിനെയും യുവന്റസ് ഫിയൊറന്റീനയെയും തോല്‍പ്പിച്ചാണ് എത്തുന്നത്.
ടോട്ടനത്തിന്റെ പ്രതീക്ഷകള്‍ ഈ സീസണില്‍ മികച്ച ഫോമില്‍ ഗോളടിച്ചുകൂട്ടുന്ന ഹാരി കെയ്നിലാണ്. ചാമ്പ്യന്‍സ് ലീഗില്‍ കെയ്ന്‍ അഞ്ചു കളിയില്‍ ആറു ഗോള്‍ നേടിക്കഴിഞ്ഞു. ഈ സീസണില്‍ ആകെ 34 ഗോള്‍ ഇംഗ്ലീഷ് മുന്നേറ്റതാരം നേടി. കെയ്നൊപ്പം ക്രിസ്റ്റ്യന്‍ എറിക്സണും ചേരുമ്പോള്‍ ടോട്ടനം നിര ശക്തമാകും.
യുവന്റസ് നിരയിൽ പൗളോ ഡയബെല ഇന്നത്തെ മത്സരത്തില്‍ കളിക്കാന്‍ സാധ്യത കുറവാണ്. ഈ സീസണില്‍ അര്‍ജന്റൈന്‍ താരം 17 ഗോള്‍ നേടി. മുന്‍നിരയില്‍ ഗോണ്‍സാലോ ഹിഗ്വെയ്ന് തുടരുന്ന ഫോമിലാണ് യുവന്റസിന്റെ പ്രതീക്ഷകള്‍. കഴിഞ്ഞ 16 കളിയില്‍ യുവന്റസ് ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. ഇത് അവരുടെ പ്രതിരോധത്തിന്റെ ശക്തി തെളിയിക്കുന്നു.
യൂറോപ്യന്‍ വേദിയില്‍ ഇരുടീമും പരസ്പരം ആദ്യമായാണ് ഏറ്റുമുട്ടുന്നത്.
ബാസല്‍-മാഞ്ചസ്റ്റര്‍ സിറ്റി
സ്വന്തം ഗ്രൗണ്ടില്‍ ബാസല്‍ എഫ്സി ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ ഇറങ്ങുമ്പോള്‍ മികച്ചൊരു പോരാട്ടമാണ് ലക്ഷ്യമിടുന്നത്. ബാസല്‍ മൂന്നാം തവണയാണ് ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറിലെത്തുന്നത്. 1992 മുതല്‍ ബാസല്‍ എട്ടു തവണ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലെത്തിയിട്ടുണ്ട്. സ്വിസ് സൂപ്പര്‍ ലീഗില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ബാസല്‍.
മാഞ്ചസ്റ്റര്‍ സിറ്റി പെപ് ഗാര്ഡിയോളയ്ക്കൊപ്പമുള്ള രണ്ടാം സീസണിൽ മികച്ച ഫോമിലാണ്. ചാന്പ്യൻസ് ലീഗിൽ പ്രീക്വാർട്ടറിലെത്തിയിരിക്കുന്ന സിറ്റി ഈ സീസണില്‍ സിറ്റി നാലു കിരീടങ്ങളാണ് ലക്ഷ്യമിടുന്നത്. പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്താണ്. ലീഗ് കപ്പില്‍ ഫൈനലിലും പ്രവേശിച്ചിരിക്കുകയാണ്. എഫ്എ കപ്പിന്റെ പ്രീക്വാര്ട്ടറിലുമെത്തിയിരിക്കുകയാണ്. കെവിന് ഡി ബ്രുയിന്, സെര്‍ജിയോ അഗ്വേറോ, റഹീം സ്റ്റെര്‍ലിംഗ് എന്നിവര്‍ തുടരുന്ന ഫോമിലാണ് സിറ്റിയുടെ പ്രതീക്ഷകള്‍.
യുവേഫ മത്സരങ്ങളില്‍ ഇരുടീമും തമ്മില്‍ ആദ്യമായാണ് ഏറ്റുമുട്ടുന്നത്. സിറ്റി ഇതുവരെ സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള ക്ലബ്ബുകളെ നേരിട്ടിട്ടില്ല. യൂറോപ്യന്‍ പോരാട്ടത്തില്‍ ബാസല്‍ 29-ാം തവണയാണ് ഒരു ഇംഗ്ലീഷ് ക്ലബ്ബിനെ നേരിടുന്നത്. സ്വന്തം ഗ്രൗണ്ടില്‍ ബാസല്‍ ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്കെതിരേ 13 കളിയില്‍ ആറു ജയവും രണ്ടു സമനിലയും നേടിയപ്പോള്‍ അഞ്ചെണ്ണത്തില്‍ തോറ്റു.
റയല്‍ - പിഎസ്ജി പോരാട്ടം നാളെ
മാഡ്രിഡ്: സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ഫ്രാന്‍സിന്റെ കരുത്തായ പാരീ സാന്‍ ഷര്മെയ്നുമാണ് ഇന്ന് സാന്റിയാഗോ ബര്‍ണാബുവില്‍ കൊമ്പുകോര്‍ക്കുന്നത്. സമീപകാലത്തൊന്നും ചാമ്പ്യന്‍സ് ലീഗില്‍ കിരീടസാധ്യത കല്പിക്കപ്പെടാത്ത ടീമായിരുന്നു പിഎസ്ജി. എന്നാല്‍, ലോക റിക്കാര്‍ഡ് തുകയ്ക്ക് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്സലോണയില്‍നിന്ന് എത്തിയതോടെ പിഎസ്ജിയുടെ മേലുള്ള ആരാധകരുടെ പ്രതീക്ഷയേറി. ഈ സീസണിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന മത്സരമെന്ന നിലയില്‍ ഇതിനോടകം ശ്രദ്ധേയമായ റയല്‍ - പിഎസ്ജി പോരാട്ടത്തില്ആരു ജയിക്കും എന്നതു പ്രവചിക്കുക അസാധ്യമാണ്. എന്നാല്‍, ഈ മത്സരത്തിന്റെ ആവേശം ബൗണ്ടറികടക്കുമെന്നുറപ്പ്.
യുവേഫ ചാമ്പ്യന്‍സ് ലീഗ് : പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്നു മുതല്‍
12:07 AM Feb 13, 2018 | Deepika.com