കോല്‍ക്കത്ത: തന്നെ ഒരു യഥാര്‍ഥ ക്രിക്കറ്ററാക്കിയത് ചെന്നൈ സൂപ്പര്‍ കിംഗ്സാണെന്ന് ഇന്ത്യന്‍ ടീമിനു പുറത്തായിരിക്കുന്ന ഓള് റൗണ്ടര്‍ സുരേഷ് റെയ്ന.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇതിഹാസമായ റെയ്ന 161 മത്സരങ്ങളില്‍നിന്ന് 139.09 ശരാശരിയില്‍ 4540 റണ്‍സാണ് സ്വന്തമാക്കിയിരിക്കുന്നത്. റെയ്നയുടെ പ്രാധാന്യം അറിയുന്ന സിഎസ്കെ റെയ്നയെ നായകന് മഹേന്ദ്രസിംഗ് ധോണി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം ടീമില്‍ നിലനിര്‍ത്തുകയും ചെയ്തു. ഉത്തര്‍പ്രദേശ് നായകനായ റെയ്ന ഫോമിലാണ്. സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റില്‍ കോല്‍ക്കത്തയ്ക്കെതിരേ പുറത്താകാതെ 126 റണ്‍സ് നേടി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് മൂന്നു വിക്കറ്റിന് 235 റണ്‍സ് എടുത്തു. 59 പന്തില്‍ 13 ഫോറിന്റെയും ഏഴ് സിക്സിന്റെയും സഹായത്തിലാണ് റെയ്ന 126 റണ്‍സിലെത്തിയത്. 80 റണ്‍സുമായി ആകാശ്ദീപ് നാഥ് നായകനു മികച്ച പിന്തുണ നല്കി. മറുപടി ബാറ്റിംഗില്‍ ബംഗാള്‍ 160 റണ്‍സിനു പുറത്തായി. യുപി 75 റണ്‍സിന്റെ തകര്‍പ്പന്‍ ജയവും സ്വന്തമാക്കി.
ധോണി, ജഡേജ എന്നിവര്‍ക്കൊപ്പം വീണ്ടും കളിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ പറഞ്ഞു. സിഎസ്കെയിലെ പരിശീലകരും കളിക്കാരായിരുന്ന മാത്യു ഹെയ്ഡന്, മൈക്കിള്‍ ഹസി, മുത്തയ്യ മുരളീധരന് എന്നിവര്‍ തന്നില്‍ വലിയ സ്വാധീനം ചെലുത്തിയവരാണെന്നും അവരില്‍നിന്ന് ഒത്തിരികാര്യങ്ങള്‍ പഠിക്കാനായെന്നും സിഎസ്കെ ഒരു ടീമല്ല; ഒരു കുടുംബമാണെന്നും റെയ്ന പറഞ്ഞു.
കഴിഞ്ഞ രണ്ടു സീസണില്‍ റെയ്ന ഗുജറാത്ത് ലയണ്‍സിന്റെ നായനകായിരുന്നു. സിഎസ്കെയുടെ ജഴ്സിയില്‍ അടുത്ത ഐപിഎല്‍ സീസണില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്നും റെയ്ന കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി റെയ്ന ദേശീയ ഏകദിന ടീമില്‍നിന്നു പുറത്താണ്. കഴിഞ്ഞ ജനുവരിയിലാണ് താരം അവസാനമായി ഇന്ത്യക്കുവേണ്ടി ട്വന്റി 20 മത്സരത്തിനിറങ്ങിയത്. പരിക്കും ഫോമില്ലായ്മയുമാണ് റെയ്നയെ ടീമിനു പുറത്തുനിര്‍ത്തിയിരിക്കുന്നത്.
സിഎസ്കെയാണ് എന്നെ യഥാര്‍ഥ ക്രിക്കറ്ററാക്കിയത്: റെയ്ന
12:01 AM Jan 23, 2018 | Deepika.com