മാഞ്ചസ്റ്റർ: സെർജിയോ അഗ്വേറോയുടെ ഹാട്രിക്കിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കു ജയം. സ്വന്തം എത്തിഹാദ് സ്റ്റേഡിയത്തിൽ സിറ്റി 3-1ന് ന്യൂകാസിൽ യുണൈറ്റഡിനെ തകർത്ത് വീണ്ടും വിജയപാതയിൽ തിരിച്ചെത്തി. 34, 63, 83 മിനിറ്റുകളിലായിരുന്നു അർജന്റൈൻ താരം ഗോൾ നേടിയത്. 67-ാം മിനിറ്റിൽ ഗോൾ നേടിയ ജേക്കബ് മർഫി ന്യൂകാസിലിനു സമനിലയ്ക്കുള്ള പ്രതീക്ഷകൾ നൽകി. എന്നാൽ, കളി തീരാൻ ഏഴു മിനിറ്റുകൂടിയുള്ളപ്പോൾ നേടിയ ഗോളിൽ അഗ്വേറോ സിറ്റിയുടെ ജയമുറപ്പിച്ചു.
മികച്ചൊരു ഹെഡറിലൂടെയാണ് അഗ്വേറോയുടെ ആദ്യ ഗോൾ. രണ്ടാം ഗോൾ റഹീം സ്റ്റെലിംഗിനെ വീഴ്ത്തിയതിനു ലഭിച്ച സ്പോട് കിക്ക് വലയിലാക്കി സ്വന്തമാക്കി. 24 കളിയിൽ സിറ്റിക്ക് 65 പോയിന്റും രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് 53 പോയിന്റും. 50 പോയിന്റുമായി ചെൽസി മൂന്നാം സ്ഥാനത്താണ്.
കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0ന് ബേണ്‍ലിയെയും ചെൽസി 4-0ന് ബ്രൈറ്റണെയും ആഴ്സണൽ 4-1ന് ക്രിസ്റ്റൽ പാലസിനെയും തോൽപ്പിച്ചു.
അഗ്വേറോയ്ക്ക് ഹാട്രിക്ക്; സിറ്റി വിജയവഴിയിൽ
12:43 AM Jan 22, 2018 | Deepika.com