വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിൽ പാക്കിസ്ഥാന് സന്പൂർണ തോൽവി. ആവേശം നിറഞ്ഞു നിന്ന അവസാന ഏകദിനത്തിൽ 15 റണ്‍സിനാണ് ന്യൂസിലൻഡ് ജയിച്ചത്. സ്കോർ: ന്യൂസിലൻഡ് ഏഴ് വിക്കറ്റിന് 271, പാക്കിസ്ഥാൻ 256ന് എല്ലാവരും പുറത്ത്. മാർട്ടിൻ ഗപ്റ്റിലിന്റെ സെഞ്ചുറിയാണ് കിവികളെ മികച്ച സ്കോറിലെത്തിച്ചത്.
ഗപ്റ്റിൽ 126 പന്തുകൾ നേരിട്ട് 100 റണ്‍സ് നേടി. റോസ് ടെയ്ലർ 59 റണ്‍സ് നേടി ഗപ്റ്റിലിന് പിന്തുണ നൽകി. പാക്കിസ്ഥാനുവേണ്ടി റുമാൻ റായീസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന്റെ മുൻനിര പതിവുപോലെ തകർന്നു. ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഹാരിസ് സൊഹൈൽ (63), ഷഹദാബ് ഖാൻ (54) എന്നിവരുടെ അർധ സെഞ്ചുറികളാണ് പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ഇരുവരും ചേർന്ന് 105 റണ്‍സ് സ്കോർ ചെയ്തു. വാലറ്റത്ത് ആമിർ യാമിൻ (പുറത്താകാതെ 32), മുഹമ്മദ് നവാസ് (23), ഫഹീം അഷ്റഫ് (23) എന്നിവർ പൊരുതിയെങ്കിലും പാക്കിസ്ഥാന് ജയം അകന്നുനിന്നു. കിവീസിന് വേണ്ടി മാറ്റ് ഹെൻട്രി നാല് വിക്കറ്റ് വീഴ്ത്തി. ഗപ്റ്റിലാണ് പരന്പരയിലെ താരം.
പാക് നാണക്കേട് പൂർണം
12:43 AM Jan 20, 2018 | Deepika.com