ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ തോല്‍വി രുചിച്ചു. അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തല്‍ ലിവര്‍പൂള്‍ 4-3ന് സിറ്റിയെ കീഴടക്കി. കഴിഞ്ഞ സീസണില്‍ എഫ്എ കപ്പ് സെമി ഫൈനലില്‍ ആഴ്സണലിനോട് പരാജയപ്പെട്ടശേഷം ഇംഗ്ലണ്ടില്‍ സിറ്റിയുടെ ആദ്യ തോല്‍വിയാണ്. ഒമ്പതാം മിനിറ്റില്‍ അലക്സ് ഓക്സ് ലെഡ് ചെംബര്ലയിനിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി.
ആദ്യ പകുതി തീരാന്‍ അഞ്ചു മിനിറ്റുള്ളപ്പോള്‍ സിറ്റി ലിറോയ് സെയ്നിലൂടെ സമനില പിടിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ പത്ത് മിനിറ്റിടെ വീണ മൂന്നു ഗോളാണ് സിറ്റിയുടെ കഥ കഴിച്ചത്. 59-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോ, 61-ാം മിനിറ്റില്‍ സാദിയോ മാനെ, 68-ാം മിനിറ്റില്‍ മുഹമ്മദ് സാലഹ് എന്നിവര്‍ ഗോള്‍ നേടി ലിവര്‍പൂളിനെ 4-1ന് മുന്നിലെത്തിച്ചു. എന്നാല്‍ കളിയുടെ അവസാന പത്ത് മിനിറ്റിനിടെ രണ്ടു ഗോളടിച്ച് സിറ്റി മത്സരം ആവേശകരമാക്കി. ബര്‍ണാഡോ സില്‍വ (84), ഇലാകി ഗുണ്ടോഗന് (90+1) എന്നിവരാണ് ഗോള്‍ നേടിയത്. തുടര്‍ച്ചയായുള്ള സിറ്റിയുടെ ആക്രമണത്തെ ചെറുത്ത ലിവര്‍പൂള്‍ വിജയം നേടി. 23 കളിയില്‍ 62 പോയിന്റുമായി സിറ്റി ബഹുദുരം മുന്നിലാണ്. ജയത്തോടെ ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തെത്തി. 47 പോയിന്റാണ് ലിവര്‍പൂളിന്.
മറ്റൊരു മത്സരത്തില്‍ ആഴ്സണലിനെ 2-1ന് ബോണ്‍മൗത്ത് അട്ടിമറിച്ചു. ഒരു ഗോളിനു പിന്നില്‍നിന്നശേഷം രണ്ടു ഗോളടിച്ചാണ് ബോണ്‍മൗത്ത് വിജയം നേടിയത്. 52-ാം മിനിറ്റില്‍ ഹെക്ടര്‍ ബെല്ലേറിനിലൂടെ ആഴ്സണല്‍ മുന്നിലെത്തി.
കല്ലം വില്‍സണ്‍ (70) ബോണ്‍മൗത്തിനു സമനില നല്കി. ജോര്ഡന് ഇബേയുടെ (74) വകയായിരുന്നു വിജയഗോള്‍. 39 പോയിന്റുമായി ആഴ്സണല്‍ ആറാം സ്ഥാനത്താണ്.
മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആദ്യ തോല്‍വി
12:42 AM Jan 16, 2018 | Deepika.com