ന്യൂഡല്‍ഹി: ഡല്‍ഹി വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിന് ട്വന്റി 20യില്‍ വേഗമേറിയ സെഞ്ചുറി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ നോര്‍ത്ത് സോണ്‍ മത്സരത്തില്‍ ഹിമാചല്പ്രദേശിനെതിരേയാണ് റിക്കാര്‍ഡ് സെഞ്ചുറി പിറന്നത്. 32 പന്തുകളില്‍നിന്നാണ് പന്ത് നൂറു തികച്ചത്. ട്വന്റി 20 ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണ്. 2013ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ക്രിസ് ഗെയ്ലില്‍ നേടിയ 30 പന്തില്‍ 100 ആണ് ഏറ്റവും വേഗമേറിയ ട്വന്റി 20 സെഞ്ചുറി. ഒരു ഇന്ത്യക്കാരന്റെ വേഗമേറിയ ട്വന്റി 20 സെഞ്ചുറിയാണ് പന്ത് സ്വന്തമാക്കിയത്. 38 പന്തില്‍ പുറത്താകാതെ 116 റണ്‍സാണ് പന്ത് അടിച്ചുകൂട്ടിയത്.
ഹിമാചല്‍ ഉയര്‍ത്തിയ 144 റണ്‍സ് ലക്ഷ്യം 11.4 ഓവറില്‍ ഡല്‍ഹി വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ മറികടന്നു. പന്തിനൊപ്പം ഗൗതം ഗംഭീര്‍ (33 പന്തില്‍ 30) ക്രീസിലുണ്ടായിരുന്നു. 12 സിക്സും എട്ട് ഫോറുമാണ് പന്ത് പറത്തിയത്. വിക്കറ്റിനു പിന്നില്‍നിന്ന പന്ത് നാലു ക്യാച്ചും സ്വന്തമാക്കി. രഞ്ജി ട്രോഫി ഫൈനലില്‍ തോറ്റശേഷം പന്തിനെ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
അഞ്ചിന് 78 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഹിമാചലിനെ നിഖില്‍ ഗംഗ്ത (27 പന്തില്‍ 40), ഋഷി ധവാന് (16 പന്തില്‍ 23 നോട്ടൗട്ട്) സഖ്യം നേടിയ 47 റണ്‍സ് കൂട്ടുകെട്ടാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഓപ്പണര്‍ പ്രശാന്ത് ചോപ്ര ( 33 പന്തില്‍ 30) റണ്‍സ് എടുത്തു. ഡല്‍ഹി നായകന് പ്രദീപ് സാങ്വാന് രണ്ടു വിക്കറ്റ് വീഴ്ത്തി. ശ്രീലങ്കയ്ക്കെതിരേ രോഹിത് ശര്‍മ 35 പന്തില്‍ നേടിയ സെഞ്ചുറിയായിരുന്നു ഇതിനു മുമ്പ് ഒരു ഇന്ത്യക്കാരന്റെ വേഗമേറിയ സെഞ്ചുറി.
ഋഷഭ് പന്തിനു വേഗമേറിയ ട്വന്റി 20 സെഞ്ചുറി
12:54 AM Jan 15, 2018 | Deepika.com