ക്രൈസ്റ്റ്ചര്‍ച്ച്: ക്രിക്കറ്റില്‍ ഒരു ദിവസം രണ്ട് ദുരന്ത തോല്‍വികളുമായി പാക്കിസ്ഥാന്. രണ്ടു മത്സരങ്ങളും നടന്നതാകട്ടെ കിലോമീറ്ററുകള്‍ മാത്രം അകലെയും. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ന്യൂസിലന്‍ഡാണ് ആദ്യം പാക്കിസ്ഥാനെ തോല്പിച്ചത്. തൊട്ടുപിന്നാലെ അണ്ടര്‍ 19 ലോകകപ്പില്‍ അയല്‍ക്കാരായ അഫ്ഗാനിസ്ഥാന്, പാക് യുവനിരയെ അട്ടിമറിക്കുകയായിരുന്നു.
ഡനീഡിനില് ആയിരുന്നു പാക്കിസ്ഥാനും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയത്. ആദ്യം ബാറ്റ് ചെയ്ത കിവികള്‍ 50 ഓവറില്‍ 257 റണ്‍സാണ് അടിച്ചെടുത്തത്. പാക്കിസ്ഥാന്റെ മറുപടി വെറും 74 റണ്‍സില്‍ അവസാനിച്ചു.
ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് (73), റോസ് ടെയ്ലര് (52) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവിലാണ് കിവീസ് 257 റണ്‍സ് നേടിയത്. മാര്ട്ടിന് ഗപ്റ്റില്‍ 45 റണ്‍സിനും ടോം ലാഥം 35 റണ്‍സിനും പുറത്തായി. പാക്കിസ്ഥാനുവേണ്ടി റുമാന്‍ റായീസ്, ഹസന് അലി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് ട്രെന്റ് ബോള്‍ട്ടിന്റെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ മറുപടിയുണ്ടായില്ല. ആദ്യത്തെ അഞ്ച് ബാറ്റ്സ്മാന്മാര് രണ്ടക്കം കാണാതെയാണ് പുറത്തായത്.
ആറാമനായി ക്രീസിലെത്തി 14 റണ്‍സ് നേടി ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് പുറത്താകാതെ നിന്നു. പതിനൊന്നാമന്‍ റുമാന്‍ റായീസ് (16) ആണ് ടോപ്പ് സ്കോറര്‍. പത്താമന്‍ മുഹമ്മദ് ആമിര്‍ 14 റണ്‍സ് നേടി. 7.2 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി ബോള്‍ട്ട് അഞ്ച് വിക്കറ്റെടുത്തു. കോളിന് മണ്‍റോ, ലോക്കി ഫെര്ഗ്യൂസന് എന്നിവര്‍ക്ക് രണ്ടു വിക്കറ്റ് വീതം ലഭിച്ചു. ബോള്‍ട്ടാണ് മാന്‍ ഓഫ് ദ മാച്ച്.
ചരിത്രമെഴുതി അഫ്ഗാന് യുവനിര
വാന്ഗെറിയില് അണ്ടര്‍ 19 ലോകകപ്പിന് തുടക്കമായതുതന്നെ അഫ്ഗാനിസ്ഥാന്റെ അട്ടിമറിയോടെയായിരുന്നു. യൂത്ത് ഏഷ്യാകപ്പില്‍ കഴിഞ്ഞമാസം കിരീടം ചൂടിയത് വെറും അട്ടിമറിയല്ലെന്ന് തെളിയിക്കുന്നതായിരുന്നു അഫ്ഗാന് യുവനിരയുടെ പ്രകടനം. ആദ്യ പന്തുമുതല്‍ കളിയുടെ ആധിപത്യം ഏഷ്യയിലെ ഈ പുതുശക്തികളുടെ കൈയിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 188 റണ്‍സിന് ഓള്‍ഔട്ടായി. അഫ്ഗാനിസ്ഥാന് വിജയലക്ഷ്യം വെറും അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 47.3 ഓവറില്‍ മറികടന്നു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന് രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ മുഹമ്മദ് ആലത്തിനെ നഷ്ടമായി. വിക്കറ്റ് കീപ്പര്‍ റൊഹൈല്‍ നസീര്‍ (81) മാത്രം ചെറുത്തുനിന്നെങ്കിലും പ്രതിരോധിക്കാന്‍ ഈ സ്കോര്‍ പോരായിരുന്നു. തുടക്കത്തിലേ വിക്കറ്റ് വീണെങ്കിലും ദാര്‍വിഷ് റസൂലി (78 പന്തില്‍ 76) ഇക്രം അലി (46) എന്നിവരുടെ കൂട്ടുകെട്ട് അഫ്ഗാന് ജയം സമ്മാനിച്ചു. മറ്റു മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് വെസ്റ്റ് ഇന്‍ഡീസിനെയും സിംബാബ്വെ പാപ്പുവായെയും ബംഗ്ലാദേശ് നമീബിയയെയും കീഴടക്കി.
ഇന്ത്യ ഇന്ന് കങ്കാരുക്കള്‍ക്കെതിരേ
ഗ്രൂപ്പ് ബിയില്‍ രാഹുല്‍ ദ്രാവിഡിന്റെ ശിഷ്യന്മാര് ഇന്ന് ശക്തരായ ഓസ്ട്രേലിയയെ നേരിടും. ഇന്ത്യയില്‍ പുലര്‍ച്ചെ 5.30നാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം. വണ്ടര്‍ കിഡ് പൃഥ്വി ഷായാണ് ഇന്ത്യയെ നയിക്കുന്നത്. അടുത്തിടെ അവസാനിച്ച ഏഷ്യാകപ്പില്‍ നേപ്പാളിനോടു പോലും തോറ്റതിന്റെ ക്ഷീണം തീര്‍ക്കാനുറച്ചാണ് ടീം ലോകകപ്പില്‍ ഇറങ്ങുന്നത്.
കിവികള്‍ എറിഞ്ഞിട്ടു, അഫ്ഗാന് പിള്ളേര് നാണംകെടുത്തി, പാക് ക്രിക്കറ്റില്‍ ദുരന്തം
12:00 AM Jan 14, 2018 | Deepika.com