ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെയ്ക്കു ജയം. ആതിഥേയരായ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് എടികെ പരാജയപ്പെടുത്തി. 73-ാം മിനിറ്റില്‍ സെക്വിഞ്ഞയുടെ ഗോളിലാണ് എടികെ വിജയം സ്വന്തമാക്കിയത്. തുടര്‍ച്ചയായ നാലു മത്സരങ്ങളിലെ തോല്‍വിക്കുശേഷം കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ എഫ്സി ഗോവയെ തോല്പിച്ച് വിജയവഴിയിലെത്തിയ നോര്‍ത്ത് ഈസ്റ്റ് വീണ്ടും പരാജയത്തിലേക്കു വീണു. പന്തടക്കത്തില്‍ 60 ശതമാനം എടികെയ്ക്കായിരുന്നു. വല ലക്ഷ്യമാക്കി എടികെ അഞ്ച് ഷോട്ടുകള്‍ പായിച്ചപ്പോള്‍ നോര്ത്ത്ഈസ്റ്റില്നിന്ന് ഒരണ്ണമേ വന്നുള്ളൂ.
കളിയില്‍ തുടക്കം മുതലേ ആധിപത്യം എടികെയ്ക്കായിരുന്നു. പന്തടക്കത്തിലും എടികെ മുന്‍തൂക്കം നേടി. എന്നാല്‍ ഗോള്‍ നേടാന്‍ ആദ്യ പകുതിയിലായില്ല. രണ്ടാം പകുതിയിലും എടികെ മുന്നേറ്റം ശക്തമാക്കി. തുടര്‍ച്ചയായി നോര്‍ത്ത്ഈസ്റ്റിന്റെ ബോക്സില്‍ ഇരച്ചുകയറിയ സെക്വിഞ്ഞോ എടികെയെ മുന്നിലെത്തിച്ചു. തിരിച്ചടിക്കാന്‍ നോര്‍ത്ത് ഈസ്റ്റ് ശ്രമം നടത്തിയെങ്കിലും ദേബ്ജിത് മജുംദറെ കടന്ന് പന്ത് വലയിലേക്കു നീണ്ടില്ല. ജയത്തോടെ എടികെ ആറാം സ്ഥാനത്തെത്തി.
എടികെയ്ക്കു വിജയം
12:14 AM Jan 13, 2018 | Deepika.com