പൃഥ്വി ഷാ
ക്യാപ്റ്റന്‍ പൃഥ്വി ഷാ തന്നെയാണ് ഇന്ത്യയുടെ തുറുപ്പ് ചീട്ട്. ഇത്തവണത്തെ രഞ്ജിട്രോഫിയില്‍ മുംബൈയ്ക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയ ഷാ ആറു കളികളില്‍ നിന്ന് മൂന്നു സെഞ്ചുറികളുള്‍പ്പെടെ 537 റണ്‍സാണ് അടിച്ചു കൂട്ടിയത്. ദുലീപ് ട്രോഫിയില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന സച്ചിന്റെ റിക്കാര്‍ഡ് മറികടക്കാനും ഈ പതിനെട്ടുകാരനായി. കിരീടനേട്ടത്തോടെ സീനിയര്‍ ടീമിലേക്കുള്ള പാത സുഗമമാക്കാന്‍ കഴിയുമെന്നും ഈ വലങ്കയ്യന്‍ ബാറ്റ്സ്മാന് നന്നായറിയാം.
ഷുബ്മാന്‍ ഗില്‍
കഴിഞ്ഞ രഞ്ജി സീസണില്‍ പഞ്ചാബിനായി അരങ്ങേറി രണ്ടാം മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ താരമാണ് ഷുബ്മാന്‍ ഗില്‍. വിജയ് ഹസാരെ, വിജയ് മര്‍ച്ചന്റ് ടൂര്‍ണമെന്റുകളിലും ഇംഗ്ലണ്ട് അണ്ടര്‍-19 ടീമിനെതിരേ നടന്ന പരമ്പരയിലും തകര്‍പ്പന്‍ പ്രകടനമാണ് വലങ്കയ്യന്‍ ബാറ്റ്സ്മാനായ ഗില്‍ പുറത്തെടുത്തത്.
ഹിമാംശു റാണ
ഇന്ത്യ ഫൈനലിലെത്തിയ കഴിഞ്ഞ അണ്ടര്‍-19 ലോകകപ്പ് ടീമില്‍ നിര്‍ഭാഗ്യം കൊണ്ടു മാത്രം ഇടം നേടാന്‍ കഴിയാഞ്ഞ താരമാണ് ഹിമാംശു റാണ. ലോകകപ്പിനു തൊട്ടുമുമ്പ് ഡെങ്കി പിടിച്ചതാണ് റാണയെ ചതിച്ചത്. ഇന്ത്യന്‍ അണ്ടര്‍-19 ഏഷ്യാക്കപ്പില്‍ ഇന്ത്യയെ നയിച്ചത് ഈ ഹരിയാനക്കാരനായിരുന്നു. ടീമിലെ ഓള്‍റൗണ്ടറുടെ ചുമതലയും വലങ്കയ്യന്‍ ബാറ്റ്സ്മാനും മീഡിയം പേസറുമായ റാണയുടെ ചുമലിലായിരിക്കും.
അഭിഷേക് ശര്‍മ
ഇന്ത്യന്‍ ടീമിലെ സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതല ഈ ഇടങ്കയ്യന്‍ ഓര്‍ത്തഡോക്സ് ബൗളര്‍ക്കാണ്. പഞ്ചാബിനായി വിജയ് ഹസാരെ ട്രോഫിയിലും കഴിഞ്ഞ രഞ്ജി ട്രോഫിയിലും തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനമാണ് അഭിഷേക് പുറത്തെടുത്തത്. രഞ്ജിയില്‍ ഹിമാചലിനെതിരേ നേടിയ 94 റണ്‍സ് അഭിഷേകിന്റെ മികവിനുദാഹരണമാണ്്. ധര്‍മശാലയില്‍ നടന്ന കളിയില്‍ എട്ടാമനായി ബാറ്റിംഗിനിറങ്ങിയ അഭിഷേക് 205 പന്തില്‍നിന്നു 13 ബൗണ്ടറികളും ഒരു സിക്സും സഹിതമാണ് 94 റണ്‍സ് എടുത്തത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും കളിയുടെ ഗതിമാറ്റാന്‍ കഴിവുള്ള അഭിഷേകില്‍ ഇന്ത്യക്ക് പ്രതീക്ഷ ഏറെയാണ്.
ആര്യന് ജുയല്‍
ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാണ് ആര്യന് ജുയല്‍. ഹാര്‍വിക് ദേശായി രണ്ടാം വിക്കറ്റ് കീപ്പറായുണ്ടെങ്കിലും സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ കാഴ്ചവച്ച 86 റണ്‍സ് പ്രകടനം ടീമിന്റെ ഗ്ലൗസണിയുന്നത് ഈ ഉത്തരാഖണ്ഡുകാരനാണെന്നു വ്യക്തമാക്കുന്നതായിരുന്നു.
ഇഷാന് പോറെല്‍
യുവഇന്ത്യയുടെ പേസ് ആക്രമണം നയിക്കുന്നത് ഈ ബംഗാളി ഫാസ്റ്റ് ബൗളറാണ്. ദക്ഷിണാഫ്രിക്കയുമായി നടന്ന സന്നാഹ മത്സരം അതിനു ദൃഷ്ടാന്തമായിരുന്നു. മത്സരത്തില്‍ പൊറെല്‍ നേടിയ നാലു വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയെ 143 റണ്‍സില്‍ പുറത്താക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ബംഗാളിനുവേണ്ടി വിജയ് ഹസാരെ, രഞ്ജി ട്രോഫി മത്സരങ്ങള്ക്കിറങ്ങിയതിന്റെ അനുഭവസമ്പത്തും ഈ വലങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍ക്ക് മുതല്‍ക്കൂട്ടാവും.
അണ്ടർ 19 ലോകകപ്പ്: ഇവർ ഇന്ത്യയുടെ തുറുപ്പ് ചീട്ടുകൾ
11:58 PM Jan 11, 2018 | Deepika.com