കാബൂള്‍: ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ പേരിലുണ്ടായിരുന്ന അപൂര്‍വ റിക്കാര്‍ഡ് അഫ്ഗാനിസ്ഥാന് കൗമാരതാരം ബഷീര്‍ ഷാ തിരുത്തി. പതിനെട്ടുകാരനായ ഷാ ഏഴു മത്സരങ്ങളിലെ 12 ഇന്നിംഗ്സില്‍നിന്ന് 1096 റണ്‍സ് 121.77 ശരാശരിയില്‍ അടിച്ചുകൂട്ടി. ഈ ശരാശരിയിലൂടെ മറികടന്നത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഡോണ്‍ ബ്രാഡ്മാന്റെ പേരിലുണ്ടായിരുന്ന 95.14 ശരാശരി. ആയിരത്തിലേറെ റണ്‍സ് സ്കോര്‍ ചെയ്ത ക്രിക്കറ്റര്‍മാരിലെ ഉയര്‍ന്ന ശരാശരിയാണ് അഫ്ഗാന് കൗമാര താരം കുറിച്ചത്.
സ്പീന്‍ ഖര് റീജന്റെ പുതുമുഖ താരം ഷാ അമോ റീജണെതിരേ പുറത്താകാതെ നേടിയ 256 റണ്‍സ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ്. ഇന്ത്യയുടെ അമോല്‍ മുജുംദറിന്റെ പേരിലുള്ള 260 റണ്‍സാണ് ഉയര്‍ന്ന ഫസ്റ്റ് ക്ലാസ് സ്കോര്‍. വെറും ഒരു വര്‍ഷവും രണ്ടു മാസവും നീണ്ട ചെറിയ കരിയറില്‍ അഞ്ച് സെഞ്ചുറി, രണ്ട് അർധ സെഞ്ചുറിയുമാണ് ഷായുടെ പേരില്‍ കുറിച്ചത്.
ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഷാ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി. ജാവേദ് മിയാന്‍ദാദാണ് മുന്നില്‍. നിലവില്‍ ഷാ അഫ്ഗാനിസ്ഥാന്റെ അണ്ടര്‍ 19 ടീമിനൊപ്പം ലോകകപ്പ് മത്സരത്തിനായി ന്യൂസിലന്‍ഡിലാണ്.
ബ്രാഡ്മാന്റെ റിക്കാര്‍ഡ് അഫ്ഗാന് കൗമാരതാരം മറികടന്നു
11:46 PM Jan 10, 2018 | Deepika.com