ദേശീയ സ്കൂള്‍ സീനിയര്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യ ദിവസം സ്വര്‍ണവേട്ടയ്ക്കായി കേരളം ഇന്നു രാജീവ്ഗാന്ധി സ്പോര്‍ട്സ് കോംപ്ലക്സിന്റെ കളത്തിലിറങ്ങും. 22 വരെ നടക്കുന്ന മേളയില്‍ കേരളത്തിന്റെ 72 താരങ്ങളാണു പങ്കെടുക്കുന്നത്. കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ അനുമോള്‍ തമ്പിയാണ് കേരള ടീമിന്റെ ക്യാപ്റ്റന്‍. പുരുഷ സംഘത്തെ പറളി സ്കൂളിലെ പി.എന്‍. അജിത്തും വനിത സംഘത്തെ കുമരംപുത്തൂര്‍ സ്കൂളിലെ നിവ്യ ആന്റണിയും നയിക്കും. ജോസ് ജോണാണ് കേരള ടീമിന്റെ ജനറല്‍ മാനേജര്‍. പൂനയില്‍ നടന്ന ആദ്യ മീറ്റില്‍ 11 സ്വര്‍ണം നേടി കിരീടം നേടിയ കേരളം ഇത്തവണ 15 സ്വര്‍ണം നേടുമെന്നാണു പരിശീലകന് ടോണി ചെറിയാന് പറഞ്ഞത്.
ഇന്നു നടക്കുന്ന ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഫൈനലില്‍ ആണ്‍കുട്ടികളുടെ വിഭാഗം ക്യാപ്റ്റന്‍ പി.എന്‍. അജിത്ത് മത്സരിക്കും. പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഫൈനലില്‍ കേരള ടീം ക്യാപ്റ്റന്‍ അനുമോള്‍ തമ്പിയും മത്സരിക്കുന്നുണ്ട്. സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ദേശീയ റിക്കാര്‍ഡ് മറികടന്ന ഇരുവരും ഹരിയാനയിലെ കേരളത്തിന്റെ പ്രതീക്ഷകളാണ്.
ഏതു വിധേനയും കിരീടം പിടിച്ചെടുക്കുമെന്ന വാശിയിലാണ് ഹരിയാന. ഇതിനായി എന്തു മാര്‍ഗവും സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേരള ടീമിന്റെ മാനേജര്‍ ജോസ് ജോണ്‍ വ്യക്തമാക്കിയത്. വ്യാപക ക്രമക്കേടുകള്‍ ഉള്‍പ്പടെ കരുത്തരായ താരങ്ങളുടെ ആള്‍മാറാട്ടം വരെയുള്ള വെല്ലുവിളികളായിരിക്കും കേരള ടീമിന് നേരിടേണ്ടി വരിക.
രാവിലെ നടക്കുന്ന ഓപ്പണിംഗ് സെറിമണിക്കു പിന്നാലെ ഉച്ചയ്ക്ക് 1.30ന് 5000 മീറ്റര്‍ ആണ്‍കുട്ടികളുടെ ഫൈനല്‍ മത്സരങ്ങള്‍ക്കു നടക്കും. ഇതേസമയം തന്നെ പെണ്‍കുട്ടികളുടെ ഗ്രൂപ്പ് എ വിഭാഗം ലോംഗ് ജംപ് യോഗ്യത മത്സരങ്ങളും നടക്കും. ഷോട്ട് പുട്ട് ഗ്രൂപ്പ് എ മത്സരങ്ങളും ഇതേ സമയത്താണ്. ഉച്ചകഴിഞ്ഞ് രണ്ടിനാണ് പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഫൈനല്‍ മത്സരം.
തണുപ്പ് വില്ലനാകും
ഉത്തരേന്ത്യയിലെ കടുത്ത ശൈത്യമായിരിക്കും ഹരിയാനയിലെ ട്രാക്കിലും ഫീല്‍ഡിലും കേരളത്തിന്റെ താരങ്ങള്‍ക്കു കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. ഏതു വിധേനയും കിരീടം പിടിച്ചെടുക്കണമെന്ന വാശിയില്‍ ഉറച്ചു നില്ക്കുന്ന ഹരിയാനയുടെ കായിക താരങ്ങള്‍ക്ക് കടുത്ത ശീലമായ ശൈത്യത്തെ അനായാസേന മറികടക്കും. ഇന്നലെ നാലു മണിയോടെ തന്നെ പരിശീലനം അവസാനിപ്പിച്ച് താരങ്ങള്‍ ഹോസ്റ്റലുകളിലേക്കു വിശ്രമത്തിനായി മടങ്ങിയിരുന്നു. ചിട്ടയായ പരിശീലനവും കൃത്യമായ ഭക്ഷണക്രമങ്ങളുമാണ് തണുപ്പിനെ മറികടക്കാനായി ടീം മാനേജരും പരിശീലകരും ഉള്‍പ്പടെയുള്ളവര്‍ പിന്തുടരുന്നത്. കോംപ്ലക്സിനുള്ളില്‍ തന്നെയാണു കേരള ടീമിന് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
കേരളത്തിന്റെ അടുക്കള ഹരിയാനയില്‍ പുകയുന്നു
റോത്തക്ക്: ഹരിയാന രാജീവ് ഗാന്ധി സ്പോര്‍ട്സ് കോംപ്ലക്സിന്റെ പുറത്ത് വലിച്ചു കെട്ടിയ ടെന്റില്‍ കേരളത്തിന്റെ മണം പരത്തി ഒരടക്കുള പുകയുന്നുണ്ട്. 72 താരങ്ങള്‍ ഉള്‍പ്പടെ 84 അംഗ കേരള ടീമിനുള്ള ഭക്ഷണം പാകം ചെയ്യുന്നതിവിടെയാണ്. കറിക്കൂട്ടുകളും മറ്റു സാധനങ്ങളും സംഘം നാട്ടില്‍ നിന്നേ കരുതിയിരുന്നു. ഇന്നലെ ടീം രജിസ്ട്രേഷന് നടപടികളുടെ തിരക്കുകള്‍ക്കിടെയും ടീം മാനേജറും പരിശീലകരും അടുക്കളയിലെ അച്ചടക്കവും കൃത്യതയും ഉറപ്പു വരുത്തുന്നുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് കേരള ടീം സ്റ്റേഡിയത്തിലെത്തുന്നത്. വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിക്കു ശേഷമാണ് കേരളത്തിന്റെ അടുക്കളയിലേക്ക് ഗ്യാസ് കണക്ഷന് എത്തിയത്. എന്നിട്ടും ഏറെ വൈകാതെ തന്നെ ചിക്കനും ചോറും ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ കായിക താരങ്ങള്‍ക്കായി റെഡിയായിരുന്നു. ഹരിയാനയിലെ കുടിവെള്ളത്തെ കണ്ണടച്ചു വിശ്വാസമില്ലാത്തതിനാല്‍ കുട്ടികള്‍ക്കുള്ള മിനറല്‍ വാട്ടറും നൂറിലേറെ ലിറ്റര്‍ വാങ്ങി അടുക്കള ഉള്‍പ്പെടുന്ന ടെന്റില്‍ സംഭരിച്ചു വെച്ചിട്ടുണ്ട്.
സെബി മാത്യു
പൊന്തുടക്കത്തിനു കേരളം റോത്തക്കില്‍ നിന്ന്
09:47 PM Dec 17, 2017 | Deepika.com