ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവ എഫ്സിക്കു വന്‍ ജയം. സ്വന്തം ഗ്രൗണ്ടില്‍ കളിച്ച ഡല്‍ഹി ഡൈനാമോസിനെ 5-1ന് ഗോവ പരാജയപ്പെടുത്തി. ഫെറാന്‍ കോറോമിനാസ് (45), മാനുവല്‍ ലാന്സറോറ്റ് (45+3), അഡ്രിയാന്‍ കോളുന്ഗ (85), മാനുവല്‍ അരാന (88) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഒരണ്ണം പ്രീതം കോട്ടാലിന്റെ സെല്‍ഫ് ഗോളുമായിരുന്നു. കാലു ഉച്ചേ (62) ഡൈനാമോസിന്റെ ഏക ഗോളിനുടമ.
ആദ്യ പകുതിയുടെ അവസാനം മിനിറ്റില്‍ വീണ ഗോളുകള്‍ക്ക് 62-ാം മിനിറ്റില്‍ ഡല്‍ഹി ഒരണ്ണം തിരിച്ചടിച്ചു. എന്നാല്‍ 66-ാം മിനിറ്റില്‍ ഗബ്രിയേല്‍ സിസിറോ ചുവപ്പ് കാര്‍ഡ് കണ്ടത് ഡൈനാമോസിനെ തളര്‍ത്തി. ഗോവ ആക്രമണം ശക്തമാക്കി. അവസാന പത്തുമിനിറ്റിനിടെ മൂന്നു തവണകൂടി ഡല്‍ഹിയുടെ വല കുലുങ്ങി. ജയത്തോടെ ഗോവ പോയിന്റ് നിലയിൽ ഒന്നാമതെത്തി.
ദൗത്തി ബ്ലാസ്റ്റേഴ്സിലേക്ക്
മുംബൈ: ജംഷഡ്പൂര്‍ എഫ്സിയുമായി പിണങ്ങി നില്ക്കുന്ന ദക്ഷിണാഫ്രിക്കന്‍ മധ്യനിരതാരം സമീഗ് ദൗത്തി കേരള ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് സൂചന. കഴിഞ്ഞ രണ്ട് ഐഎസ്എല്‍ സീസണുകളില്‍ എടികെയ്ക്കു വേണ്ടി കളിച്ച താരം ഇത്തവണ കൂടുമാറുകയായിരുന്നു. കഴിഞ്ഞ ആറിന് ഡൈനാമോസുമായുള്ള മത്സരത്തിന് ശേഷം കോച്ച് സ്റ്റീവ് കോപ്പലുമായുണ്ടായ അഭിപ്രായ ഭിന്നതയെതുടര്‍ന്ന് ടീം ഹോട്ടലില്‍ നിന്ന് ദൗത്തി മുങ്ങിയിരുന്നു.
ഗോവയ്ക്കു വന്‍ജയം
12:15 AM Dec 17, 2017 | Deepika.com