കൊച്ചി: ഇനിയും കാത്തിരിക്കാന്‍ ഒരുക്കമല്ലെന്നുള്ള മുന്നറിയിപ്പുമായി കൊച്ചിയില്‍ ഒഴുകിയെത്തിയവരെ നിരാശരാക്കാന്‍ ജിങ്കനും സംഘത്തിനും ഇനിയും സാധിക്കുമായിരുന്നില്ല. വടക്കുകിഴക്കുനിന്നെത്തിയ പോരാളികളെ തുരത്തിയോടിച്ചു കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയം പിറന്നപ്പോള്‍ സുവര്‍ണ ലിപികളിലെഴുതപ്പെട്ടതു മലയാളി താരങ്ങളുടെ മിന്നുന്ന പ്രകടനം. റിനോ ആന്റോയുടെ പാസില്‍ സി.കെ. വിനീതിന്റെ തലയില്‍നിന്നു 24-ാം മിനിറ്റല്‍ പിറന്ന ഏക ഗോളില്‍ സമനിലകളും തോല്‍വിയും നിറം കെടുത്തിയ തുടക്കത്തിനു വിരാമമിട്ടു കൊമ്പന്മാര് വിജയ തീരം താണ്ടി. അഞ്ചു കളിയില്‍നിന്ന് ആറു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ലീഗില്‍ ഏഴാം സ്ഥാനത്തെത്തി.
ഗോവയ്ക്കെതിരേ തകര്‍ന്നടിഞ്ഞ പ്രതിരോധനിരയെ ശക്തിപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്സ് പരിശീലകന് റെനി മ്യൂലന്സ്റ്റിന് ആദ്യ ഇലവനില്‍തന്നെ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണിനു സ്ഥാനം നല്കി.
നാലു പ്രതിരോധനിരക്കാരെയും ഒരു മുന്നേറ്റക്കാരനേയും അണിനിരത്തിയുള്ള പഴയ ശൈലി തന്നെ മഞ്ഞപ്പട അവലംബിച്ചു. മുംബൈ സിറ്റി എഫ്സിക്കെതിരേ ചുവപ്പുകാര്‍ഡു കണ്ടു കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന സി. കെ. വിനീത് ടീമില്‍ തിരിച്ചെത്തി.
അരാറ്റ ഇസുമിക്കു പകരം മധ്യനിരിയില്‍ സിയം ഹങ്കല്‍ എത്തി. പ്രതിരോധത്തിന് മുന്‍തൂക്കം നല്കുന്ന 4-2-3-1 ശൈലിയിലാണ് നോര്‍ത്ത് ഈസ്റ്റിനെ കോച്ച് കാര്‍ലോസ് ദേ ദിയൂസ് വിന്യസിച്ചത്.
ഗോള്‍ നേടി, കളി മാറിയിട്ടില്ല
ആത്മവിശ്വാസമില്ലാത്ത രണ്ടു സംഘങ്ങള്‍ തമ്മില്‍ പോരാടുന്ന പ്രതീതിക്ക് അവസാനം കുറിച്ചു നോര്‍ത്ത് ഈസ്റ്റാണു കളിയില്‍ ആക്രമണങ്ങള്‍ക്കു തുടക്കമിട്ടത്. അപകടം മണത്ത മഞ്ഞപ്പടയും എതിര് പാളയം ലക്ഷ്യമാക്കി തന്ത്രങ്ങള്‍ മെനഞ്ഞു. ഏഴാം മിനിറ്റില്‍ ബോക്സിനുള്ളിലേക്ക് ഓടിക്കയറിയ കറേജ് പെക്കൂസണെ ലക്ഷ്യമാക്കി ജാക്കിചന്ദ് സിംഗ് ക്രോസ് നല്‍കിയെങ്കിലും വടക്കന്‍ ടീമിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി.പി. രഹനേഷ് മനോഹരമായി പന്തു കൈപ്പിടിയിലൊതുക്കി.
നോര്‍ത്ത് ഈസ്റ്റ് കളം പിടിക്കാന്‍ തുടങ്ങിയതോടെ കാണികള്‍ ആകെ അസ്വസ്ഥരായി തുടങ്ങുന്നതിടയാണു ബ്ലാസ്റ്റേഴ്സ് ആദ്യ വെടിയുണ്ട വടക്കന്‍ ടീമിന്റെ നെഞ്ചില്‍ തൊടുത്തത്. വലതു വിംഗില്നിന്നുള്ള റിനോ ആന്റോയുടെ തകര്‍പ്പന്‍ ക്രോസ് ഉയര്‍ന്നു ചാടി സി.കെ. വിനീത് തലകൊണ്ടു ഗോള്‍ പോസ്റ്റിലേക്കു മറിച്ചു. ആദ്യ ഗോള്‍ പിറന്നതോടെ കളി ആകെ മാറി. ബ്ലാസ്്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മുഖം നിരന്തരം പരീക്ഷിച്ചു.
പ്രതിരോധത്തിലും മധ്യനിരയിലും ഓടിയെത്തുന്ന വെസ് ബ്രൗണ്‍ തന്റെ ക്ലാസിനു പ്രായം മങ്ങലേല്പ്പിച്ചിട്ടില്ലെന്നു തെളിയിച്ചു. ബ്രസീല്‍ പോരാളികളായ മാര്‍ച്ചീനോ, ഡാനിലോ എന്നിവരുടെ മുന്നേറ്റങ്ങളാണു ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനും ഗോള്‍ കീപ്പര്‍ പോള്‍ റചുബ്കയ്ക്കും തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നത്. 38-ാം മിനിറ്റില്‍ വീണ്ടും റിനോ- വിനീത് ദ്വയത്തിന്റെ മുന്നേറ്റം അടുത്ത ഗോളിനു വഴിവെയ്ക്കുമെന്നു തോന്നിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റ് പ്രതിരോധ താരത്തിന്റെ അമളി ഉപയോഗപ്പെടുത്താന്‍ വിനീതിനു സാധിച്ചില്ല.
42-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിര താരം മാര്‍ക്കോസ് സിഫ്നിയോസിനെ ബോക്സിനു തൊട്ടു പുറത്തു വീഴ്ത്തിയതിനു നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ കീപ്പര്‍ ടീ.പി. രഹനേഷിനു റഫറി ചുവപ്പുകാര്‍ഡ് നല്കി. ഇതോടെ പത്തു പേരായി ചുരുങ്ങിയ വടക്കന്‍ ടീം ഫോര്‍വേഡ് ഹോളിചരണ്‍ നാര്സാറിയെ പിന്‍വലിച്ചു രണ്ടാം ഗോള്‍ കീപ്പര്‍ രവികുമാറിനെ ഇറക്കി.
പ്ലേമേക്കര്‍ ബ്രൗണ്‍
രണ്ടാം പകുതിയില്‍ ആവേശമുണര്ന്നതു പെക്കുസണു ലഭിച്ച സുവര്‍ണാവസരത്തോടെയാണ്. വിനീത് നല്കിയ ത്രൂ ബോളില്‍ ബോക്സിനുള്ളിലേക്ക് ഓടിയെത്തി പെക്കൂസണ് ഷോട്ടെടുത്തെങ്കിലും സാംബ കാന്‍ഡെ നോര്‍ത്ത് ഈസ്റ്റിന്റെ തുണയ്ക്കെത്തി. ഒരു ഗോളിന്റെ പിന്‍ബലത്തില്‍ ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു കളം ഭരിച്ചിരുന്നത്.
ബ്ലാസ്റ്റേഴ്സ് ഉണര്‍ന്നു കളിച്ചതോടെ നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റനിരയുടെ ശൗര്യത്തിനു കടിഞ്ഞാണ്‍ വീണു. ലീഡ് വര്‍ധിപ്പിക്കാന്‍ കേരള താരങ്ങള്‍ ഒത്തൊരുമയോടെ ശ്രമിച്ചു കൊണ്ടിരുന്നു. 68-ാം മിനിറ്റില്‍ ജാക്കിചന്ദിനെ പിന്‍വലിച്ചു മ്യൂലന്സ്റ്റിന് മിലന് സിംഗിനെ മധ്യനിരയിലിറക്കി. മാര്ച്ചീനോയ്ക്കു പകരം നോര്‍ത്ത് ഈസ്റ്റ് കൊണ്ടു വന്ന കൊളംബിയന്‍ താരം അല്‍ഫോണ്‍സോ പയസിനും കളിയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല.
70-ാം മിനിറ്റ് പിന്നിട്ടതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ അലസരാകാന്‍ തുടങ്ങി. ഇതോടെ ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങള്‍ ഗോണ്‍കാല്‍വസിന്റെ സംഘം മെനഞ്ഞെങ്കിലും ജിങ്കനും റിനോയുമെല്ലാം കെട്ടു പൊട്ടാതെ കാത്തു. പത്തു പേരുമായി ചുരുങ്ങിയിട്ടും പോരാട്ട വീര്യം കെടാത്ത മനസുമായി അവസാന മിനിറ്റുകളില്‍ നോര്‍ത്ത് ഈസ്റ്റ് തിരമാലകള്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ മുഖത്തു പരിഭ്രാന്തികള്‍ പരത്തിക്കൊണ്ടിരുന്നു. ഈ വിജയത്തിന്റെ ആവേശത്തില്‍ കലിപ്പടക്കാനുള്ള കരുത്തുമായി ഇനി മഞ്ഞപ്പടയെ ചെന്നൈയിന് എഫ്സിയെ അവരുടെ തട്ടകത്തില്‍ നേരിടും.
ബിബിന്‍ ബാബു
വിജയം വിനീതം
12:01 AM Dec 16, 2017 | Deepika.com