ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായ 15 ജയങ്ങളുടെ പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചു. ഒന്നാം സ്ഥാനക്കാരായ സിറ്റി അവസാന സ്ഥാനക്കാരായ സ്വാന്‍സി സിറ്റിയെ എതിരില്ലാത്ത നാലു ഗോളിനു തകര്‍ത്തു. 27-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ ഡേവിഡ് സില്‍വ 52-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ തികച്ചു. കെവിന് ഡി ബ്രുയിന്റെ (34) ഫ്രീകിക്ക് ചേര്‍ന്നപ്പോള്‍ മൂന്നു ഗോളായി.
കളി തീരാന്‍ അഞ്ചു മിനിറ്റ് കൂടിയുള്ളപ്പോള്‍ സെര്‍ജിയോ അഗ്വേറോയിലൂടെ സിറ്റിയുടെ നാലാം ഗോളും പിറന്നു. 2002ല്‍ ആഴ്സണല്‍ പ്രീമിയര്‍ ലീഗില്‍ സ്ഥാപിച്ച 14 മത്സരങ്ങളുടെ തുടര്‍ ജയമാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇതോടെ തകര്‍ത്തത്.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേരിട്ട തോല്‍വിക്ക് ഉത്തവരാദിയെന്ന തരത്തില്‍ വിമര്‍ശനമേറ്റുവാങ്ങിയ റൊമേലു ലുക്കാക്കു വിജയഗോളിലൂടെ വിമര്‍ശകര്‍ക്കു മറുപടി നല്കി. കഴിഞ്ഞ കളിയിലെ തോല്‍വിയുടെ ഭാരമിറക്കാന്‍ ലൂക്കാക്കുവിന് ഗോള്‍ ആവശ്യമായിരുന്നു. ബെല്‍ജിയന്‍ താരത്തിന്റെ ഏക ഗോള്‍ മികവില്‍ യുണൈറ്റഡ് ബോണ്‍മൗത്തിനെ തോല്‍പ്പിച്ചു. 25-ാം മിനിറ്റിലായിരുന്നു ഗോള്‍.
സിറ്റിക്കു പ്രീമിയര്‍ ലീഗ് റിക്കാര്‍ഡ്; യുണൈറ്റഡിനു ജയം
12:19 AM Dec 15, 2017 | Deepika.com