മൊഹാലി: ധര്‍മശാലയില്‍ അമ്പയറുടെ തീരുമാനം വരുംമുമ്പേ ഡിആര്‍എസ് വിളിച്ച ഇന്ത്യയുടെ മുന്‍ നായകന് മഹേന്ദ്രസിംഗ് ധോണിയുടെ നടപടി വിവാദമായി. ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ച ഈ നീക്കം ഡിആര്‍എസ് നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഐസിസി നിയമങ്ങളനുസരിച്ച് ഔട്ട് ആകുന്ന താരങ്ങള്‍ക്കും, ഫീല്‍ഡിംഗ് ടീമിന്റെ നായകനും മാത്രമേ റിവ്യൂ ആവശ്യപ്പെടാന്‍ കഴിയൂ. അല്ലാതെ ചെയ്യുന്നത് ഐസിസി നിയമത്തിന്റെ പൂര്‍ണമായ ലംഘനമാണ്. ധോണി ഇന്ത്യന്‍ ടീമിന്റെ നായകനല്ലെന്നിരിക്കെ റവ്യൂവിന് അപ്പീല്‍ വിളിച്ചതാണ് വിവാദമായിരിക്കുന്നത്.
അതേസമയം, ഇക്കാര്യത്തില്‍ അമ്പയറിനും പിഴച്ചു. കാരണം ബാറ്റ്സ്മാന് ആവശ്യപ്പെടാതെ ഡിആര്‍എസ് റിവ്യൂ അനുവദിക്കേണ്ട കാര്യം അദ്ദേഹത്തിനില്ലായിരുന്നു. എന്നാല്‍, അമ്പയര്‍ ധോണിയുടെ ഡിആര്‍എസ് അപ്പീല്‍ അനുവദിക്കുകയായിരുന്നു. വിഷയത്തില്‍ ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യ വന്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ആദ്യ ഏകദിന മത്സരത്തിന്റെ മുപ്പത്തിമൂന്നാം ഓവറിലായിരുന്നു സംഭവം. ശ്രീലങ്കയുടെ ഇടംകൈയന്‍ സ്പിന്നര്‍ സചിത് പതിരാനയുടെ പന്തില്‍ ബാക്ക് ഫുട് ഡിഫന്‍സിന് ശ്രമിച്ച ഭുംറയുടെ പാഡില്‍ പന്ത് കുടുങ്ങുകയും അമ്പയര്‍ അനില്‍ കുമാര്‍ ചൗധരി ഔട്ട് വിളിക്കുകയുമായിരുന്നു. എന്നാല്‍ അമ്പയറുടെ ചൂണ്ടു വിരല്‍ ഉയര്‍ന്ന് തുടങ്ങും മുമ്പേ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന ധോണി ഡിആര്‍എസ് ആവശ്യപ്പെടുകയായിരുന്നു.
ധോണി ഡിആര്‍എസ് വിവാദത്തില്‍
11:51 PM Dec 12, 2017 | Deepika.com