ധാക്ക: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ മത്സരത്തില്‍ ക്രിസ് ഗെയ്ലിന്റെ വെടിക്കെട്ട്. ധാക്ക ഡൈനാമിറ്റ്സിനെതിരെയാണ് രംഗ്പൂര് റൈഡേഴ്സ് താരമായ ഗെയ്ല് സംഹാര താണ്ഡവമാടുന്നത്.69 പന്തുകളില്‍ നിന്ന് 146 റൺസാണ് ഗെയ്ൽ നേടിയത്.
തൊട്ടതെല്ലാം പൊന്നാക്കി ബാറ്റ് ചെയ്യുന്ന കരീബിയന്‍ താരം 18 തവണയാണ് പന്ത് ഗാലറിയിലെത്തിച്ചത്. 17 സിക്സറുകൾ എന്ന സ്വന്തം റിക്കാർഡ് തിരുത്തിക്കുറി ക്കാനും ഗെയ്ലിനായി. നാല് ഫോറുകളുമടിച്ച അദ്ദേഹം 57 പന്തുകളില്‍ നിന്നാണ് സെഞ്ചുറി നേടിയത്. ക്രിസ് ഗെയ്ലിന്റെ ഇരുപതാം ടി20 സെഞ്ചുറിയാണിത്. ടി-20യിൽ 11,000 റൺസ് തികയ്ക്കുന്ന ഏക താരമായി മാറാനും ഗെയ്ലിനായി.
സഹ ഓപ്പണര്‍ ജോണ്സണ് ചാള്‍സിനെ സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സുള്ളപ്പോള്‍ നഷ്ടമായെങ്കിലും ബ്രണ്ടന്‍ മക്കല്ലത്തിനെ കൂട്ടുപിടിച്ചാണ് ഗെയ്ല് തന്റെ മാരക പ്രകടനം പുറത്തെടുത്തത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് ഗെയ്ലിന്റെ ടീം അടിച്ചുകൂട്ടിയത്. മക്കല്ലം 51 റൺസ് നേടി.
കൂടുതൽ ടി 20 സിക്സറുകൾ (18), ഉയർന്ന് ടി-20 സ്കോർ (175), കൂടുതൽ സെഞ്ചുറികൾ (20), വേഗത്തിലുള്ള സെഞ്ചുറി (30 പന്തിൽ) തുടങ്ങിയ റിക്കാർഡുകൾ ഗെയ്ലിന്റെ പേരിലാണ്.
ഗെയ്ലാട്ടം വീണ്ടും; 18 സിക്സർ!
11:51 PM Dec 12, 2017 | Deepika.com