പെര്‍ത്ത്: ലോക ക്രിക്കറ്റില്‍ അസാമാന്യപ്രകടനങ്ങള്ക്കു വേദിയായിട്ടുള്ള പെര്‍ത്തിലെ പ്രശസ്തമായ വാക്ക ക്രിക്കറ്റ് ഗ്രൗണ്ട് വിസ്മൃതിയിലേക്ക്. ആഷസ് പരമ്പരയില്‍ നാളെ തുടങ്ങുന്ന മത്സരമാണ് ഈ മൈതാനത്ത് അവസാനം നടക്കുന്നത്. വെസ്റ്റേണ്‍ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസിയേഷന് പുതുതായി നിര്‍മിച്ച സ്റ്റേഡിയത്തിലാകും പെര്‍ത്തിലെ ഇനിയുള്ള ടെസ്റ്റ് പോരാട്ടങ്ങള്‍. 47 വര്‍ഷത്തെ ക്രിക്കറ്റ് പാരമ്പര്യത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ ഇംഗ്ലണ്ടോ ഒന്നും ഇനി വിഖ്യാതമായ ഈ സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങില്ല. സ്വാന് നദിക്കു കുറുകെയാണ് മനോഹരമായ പുതിയ സ്റ്റേഡിയം പണികഴിപ്പിച്ചിരിക്കുന്നത്.
ഓരോ ക്രിക്കറ്റ് പ്രേമിയും ആവേശത്തോടെ കാണുന്ന സ്റ്റേഡിയമാണ് വാക്ക. ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിംഗ് ട്രാക്കായാണ് ഇവിടത്തെ വിക്കറ്റ് അറിയപ്പെടുന്നത്. ഡെന്നിസ് ലില്ലിയും മൈക്കിള്‍ ഹോള്‍ഡിംഗും കട്ലി ആംബ്രോസും ഗ്ലെന്‍ മക്ഗ്രാത്തും മിച്ചല്‍ ജോണ്‍സണും തീ തുപ്പിയ പിച്ചാണ് ഇവിടുത്തേത്.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിരാശ പെര്‍ത്തില്‍ ഒരു ടെസ്റ്റ് പോലും കളിക്കാനായിട്ടില്ല എന്നതാണെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ അലന് ഡൊണാള്‍ഡ് പറയുമ്പോള്‍ തന്നെ പെര്‍ത്തിന്റെ പ്രാധാന്യം മനസിലാകും.
1993ല്‍ ഓസീസിനെതിരേ 32 പന്തില്‍ കേവലം ഒരു റണ്‍ വഴങ്ങി വിന്‍ഡീസിന്റെ കട്ലി ആംബ്രോസ് ഏഴു വിക്കറ്റ് വീഴ്ത്തിയത് ഇന്നും അദ്ഭുതമാണ്. മികച്ച ബാറ്റിംഗ് പ്രകടനങ്ങളും പെര്‍ത്തില്‍ ഉണ്ടായിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ 2007ല്‍ ആഡം ഗില്‍ക്രിസ്റ്റ് 57 പന്തില്‍ സെഞ്ചുറി നേടിയതും 2003ല്‍ സിംബാബ് വെയ്ക്കെതിരേ മാത്യു ഹെയ്ഡന് 380 റണ്‍സ് നേടിയതും ഈ പിച്ചിലാണ്.
പുതിയ സ്റ്റേഡിയത്തില്‍ 60000 കാണികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.
വാക്ക വിസ്മൃതിയിലേക്ക്
11:51 PM Dec 12, 2017 | Deepika.com