മിലാൻ: നവമിഥുനങ്ങളായ വിരാട് കോഹ്ലിയുടെയും അനുഷ്കയുടെയും ഹണിമൂണിന് ക്രിക്കറ്റിന്റെ മാധുര്യം കൂടിയുണ്ടാകും. അടുത്ത വര്‍ഷാരംഭത്തില്‍ ഇന്ത്യന്‍ ടീം നടത്തുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കോഹ്ലിക്കൊപ്പം അനുഷ്കയുമുണ്ടാകും. ഇറ്റലിയില്‍വച്ച് തിങ്കളാഴ്ചയാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മയും വിവാഹിതരായത്.
ഇതോടെ ആശംസകളുടെ പ്രവാഹമാണ് താരദമ്പതികള്‍ ഏറ്റുവാങ്ങുന്നത്. ബോളിവുഡില്‍ നിന്നും ക്രിക്കറ്റ് ലോകത്തുനിന്നും നൂറുകണക്കിന് ആശംസ ട്വീറ്റുകളാണ് ഇരുവര്‍ക്കും ലഭിച്ചത്. കോഹ്ലിയുടെ ഇന്ത്യന്‍ പടയ്ക്കു പുറമേ പാക്കിസ്ഥാന് ക്രിക്കറ്റ് താരങ്ങളും ട്വിറ്റര്‍ വഴി നവദമ്പതികള്‍ക്ക് ആശംസകള്‍ ചൊരിഞ്ഞു. ഷോയ്ബ് അക്തര്‍, ഷാഹിദ് അഫ്രീദി എന്നിവരാണ് അതില്‍ പ്രധാനികള്‍.
അതിനിടെ, അനുഷ്കയെ അണിയിക്കാനുള്ള മോതിരം തേടി മൂന്നുമാസമാണത്രേ കോഹ്്ലി നടന്നതെന്ന് റിപ്പോർട്ട്. വളരെ അപൂര്‍വമായ ഡയമണ്ട് പതിപ്പിച്ച മോതിരമാണ് അനുഷ്കയുടെ വിരലില്‍ കോഹ്ലി അണിയിച്ചത്. ഓസ്ട്രിയയിലെ ഡിസൈനറാണ് മോതിരം ഡിസൈന്‍ ചെയ്തത്.
മോതിരത്തിന്റെ ഡിസൈന്‍ പറഞ്ഞറിയിക്കാനാവാത്ത വിധം മനോഹരമാണ്. ഒരു കോടിയോളമാണ് മോതിരത്തിന്റെ വില. കാണുന്ന ഒരാള്‍ക്കും മോതിരത്തില്‍നിന്നും കണ്ണെടുക്കാനാവില്ലെന്ന് ഇരുവരുടെയും അടുത്തൊരാള്‍ വെളിപ്പെടുത്തിയതായി ബോളിവുഡ് ലൈഫ് എന്ന മാഗസിൻ റിപ്പോര്‍ട്ട് ചെയ്തു.
21ന് ഡല്‍ഹിയില്‍ ബന്ധുക്കള്‍ക്കായും 26ന് മുംബൈയില്‍ ബോളിവുഡ്, ക്രിക്കറ്റ് താരങ്ങള്‍ക്കായും വിവാഹവിരുന്നു നടത്തും.
‘വിരുഷ്ക’യുടെ പുതുവർഷം ദക്ഷിണാഫ്രിക്കയിൽ, മോതിരത്തിന് ഒരു കോടി
11:51 PM Dec 12, 2017 | Deepika.com