മിലാന്: ഒടുവില്‍, അനുഷ്ക ശര്‍മയ്ക്ക് വിരാട് കോഹ്്ലി സ്വന്തം. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്്ലി ബോളിവുഡ് നടി അനുഷ്ക ശര്‍മയെ വിവാഹം ചെയ്തു. ഇറ്റലിയിലെ മിലാനില്‍ ഇന്നലെ രാവിലെയായിരുന്നു വിവാഹച്ചടങ്ങുകള്‍. എന്നാല്‍, വിവാഹക്കാര്യം ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇന്നലെ രാത്രി എട്ടിനായിരുന്നു. ഞങ്ങളുടെ പരസ്പരമുള്ള സ്നേഹം ഇനിയെന്നുമുണ്ടായിരിക്കും. എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും പിന്തു ണയ്ക്കും നന്ദി-ഇരുവരും ട്വിറ്ററില്‍ കുറിച്ചു. വിവാഹവാര്‍ത്ത ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെ അത് ട്രെന്‍ഡിംഗായി മാറിക്കഴിഞ്ഞു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നാണു വിവരം.
ഇറ്റലിയിലെ ടസ്കനിയില് ഏക്കറുകളോളം വരുന്ന എസ്റ്റേറ്റില്‍ ഇതിനുള്ള തയാറെടുപ്പുകള്‍ തകൃതിയായി നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എസ്റ്റേറ്റും അതിലുള്ള ഹോട്ടലും പൂര്‍ണമായും കോഹ്്ലിയും കൂട്ടരും ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. കനത്ത സുരക്ഷയാണ് വിവാഹവേദിക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ വിവാഹത്തിനു ക്ഷണിച്ചിരുന്നുള്ളൂ. ക്രിക്കറ്റ് ലോകത്തുനിന്ന് സച്ചിന് തെണ്ടുല്‍ക്കര്‍ക്കും യുവ് രാജ് സിംഗിനും മാത്രമാണ് ക്ഷണമുണ്ടായിരുന്നത്. വിരാടിന്റെ കൂടെ കളിക്കുന്ന ആരെയും വിവാഹത്തിനു ക്ഷണിച്ചിട്ടില്ല. ബോളിവുഡില്‍നിന്ന് വളരെ കുറച്ചുപേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
വെള്ളിയാഴ്ച പുലര്‍ച്ചെ അനുഷ്കയെയും കുടുംബാംഗങ്ങളെയും മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ കണ്ടതുമുതലാണ് ഈ വാര്‍ത്ത ചുഴലിക്കാറ്റുപോലെ ആഞ്ഞടിച്ചത്. കോഹ്ലിയും അനുഷ്കയും ഇറ്റലിയിലെത്തിയിരുന്നു. മുന്തിരിത്തോട്ടങ്ങളും പഴയകൊട്ടാരങ്ങളും നിറഞ്ഞ ടസ്കനിയിലെ ഒരു വലിയ വില്ലയിലാണ് ഇരുവരും തങ്ങിയത്.
നാലു വര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇവരുടെ വിവാഹം. 2013ലായിരുന്നു ഇവരും പ്രണയമാരംഭിച്ചത്.
ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളില്‍നിന്ന് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതോടെ താരം വിവാഹിതനാകാന്‍ പോകുന്നുവെന്ന അഭ്യൂഹം ശക്തമായി. ഓഗസ്റ്റിലാണ് ഇരുവരും തമ്മിലുള്ള വിവാഹത്തീയതി തീരുമാനമായതെന്നാണ് വിവരം.
ടസ്കനിയിലെ ഹെറിറ്റേജ് റിസോര്‍ട്ട് ഡിസംബര്‍ ഒമ്പതു മുതല്‍ 12 വരെയാണ് വിവാഹത്തിനായി ബുക്ക് ചെയ്തിരുന്നത്. ലോകത്തെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഹോളിഡേ ഡെസ്റ്റിനേഷനാണ് ടസ്കനി. അതേസമയം ഡിസംബര്‍ 26ന് മുംബൈയില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കായി വിവാഹ സത്ക്കാരമുണ്ട്.
വിരാട് കോഹ്്ലി അനുഷ്കയ്ക്കു സ്വന്തം
12:05 AM Dec 12, 2017 | Deepika.com