ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ ജയത്തിനുവേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ കാത്തിരിപ്പിന് ഇന്നെങ്കിലും വിരാമമാകുമോ? ഫട്ടോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആതിഥേയരായ എഫ്സി ഗോവയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് രണ്ടിലൊന്ന് അറിയാം. സ്വന്തം തട്ടകത്തില്‍ കളിച്ച കഴിഞ്ഞ മൂന്നു മത്സരങ്ങളിലും വിരസമായ സമനിലയുമായി നീങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മാച്ചിനാണ് ഫട്ടോര്‍ഡ സ്റ്റേഡിയം ഇന്ന് ആതിഥ്യം വഹിക്കുന്നത്. സ്വന്തം ഗ്രൗണ്ടില്‍ ജയിക്കാന്‍ കഴിയാത്ത ബ്ലാസ്റ്റേഴ്സിന് എവേ ഗ്രൗണ്ടില്‍ വിജയത്തിന്റെ ഭാഗ്യമുണ്ടാകുമോ?
ബ്ലാസ്റ്റേഴ്സ്-ഗോവ മത്സരങ്ങള്‍ ഒന്നും ഇതുവരെ സമനിലയില്‍ കലാശിച്ചട്ടില്ല എന്നതാണ് പ്രധാന സവിശേഷത. ഇരുടീമുകളും ഇതിനു മുന്‍പ് ആറ് തവണ ഏറ്റുമുട്ടി. മൂന്നെണ്ണത്തില്‍ കേരള ബ്ലാസ്റ്റേഴ്സും മൂന്നെണ്ണത്തില്‍ എഫ്സി ഗോവയും ജയിച്ചു. ആ മത്സരങ്ങളില്‍ ഗോവ 12 ഗോളുകളും കേരള ബ്ലാസ്റ്റേഴ്സ് ഏഴ് ഗോളുകളും നേടി. ബ്ലാസ്റ്റേഴ്സിനെ ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം ഏറ്റവും ഒടുവില്‍ ഗോവയില്‍ കളിച്ച കഴിഞ്ഞ സീസണിലെ മത്സരത്തില്‍ ആതിഥേയര്‍ 5-1നു ജയിച്ചിരുന്നു. തിരിച്ചു കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം 2-1. ഗോവയില്‍ നടന്ന മത്സരങ്ങളില്‍ ഒരിക്കലും കേരള ബ്ലാസറ്റേഴ്സിനു ജയിക്കാനായിട്ടില്ല.
സ്വന്തം ഗ്രൗണ്ടിലെ ഈ ചരിത്ര വിജയങ്ങളോടൊപ്പം ഈ സീസണില്‍ രണ്ടു തുടര്‍ ജയവുമായെത്തിയ ബംഗളൂരുവിനെതിരേ കഴിഞ്ഞ മത്സരത്തില്‍ നേടിയ 4-3ന്റെ ജയം ഗോവയുടെ ആത്മവിശ്വാസം ഉയർത്തി. ആദ്യ രണ്ട് ഗോള്‍ രഹിത മത്സരങ്ങള്‍ക്കു ശേഷം കഴിഞ്ഞ മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ 1-1നു സമനില പിടിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന് റെനെ മ്യൂലെന്സ്റ്റീന് തന്റെ ടീം ആദ്യ ഗോള്‍ നേടിയ സന്തോഷത്തിലാണ്.
ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ്
01:05 AM Dec 09, 2017 | Deepika.com