ന്യൂഡല്‍ഹി: സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ജംഷഡ്പുര്‍ എഫ്സി ആദ്യ ജയം സ്വന്തമാക്കി. ഐഎസ്എലിലെ പുതുമുഖങ്ങളായ ജംഷഡ്പുര്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തി. 61-ാം മിനിറ്റില്‍ ഇസു അസുക നേടിയ ഗോളിലായിരുന്നു ജയം. ജയത്തോടെ ജംഷഡ്പുര്‍ അഞ്ചാം സ്ഥാനത്തെത്തി. മൂന്നു മത്സരം പൂര്‍ത്തിയായപ്പോള്‍ ജംഷഡ്പുരിന്റെ വല കുലുങ്ങാതിരിക്കുകയാണ്.
കളിയില്‍ ഡല്‍ഹിക്കായിരുന്നു പന്തടക്കത്തില്‍ മുന്‍തൂക്കം. പന്തില്‍ ആധിപത്യമുണ്ടായിരുന്നെങ്കിലും ഡല്‍ഹിയുടെ ആക്രമണം ഒറ്റപ്പെട്ടു. വല ലക്ഷ്യമാക്കി ജംഷഡ്പുര്‍ എട്ടെണ്ണം പായിച്ചപ്പോള്‍ ഡല്‍ഹിയില്‍നിന്ന് രണ്ടെണ്ണം മാത്രമേ പിറന്നുള്ളൂ. 59-ാം മിനിറ്റില്‍ ജംഷഡ്പുരിനു ലഭിച്ച പെനാല്‍റ്റി വലയിലാക്കാന്‍ ആന്ദ്രെ ബെക്കിക്കായില്ല. കൃത്യമായി ഡൈവ് ചെയ്ത ആല്‍ബിനോ ഗോമസ് രക്ഷപ്പെടുത്തി. എന്നാല്‍ ജംഷഡ്പുരിന്റെ സീസണിലെ ആദ്യ ഗോളിനുള്ള കാത്തിരിപ്പ് വൈകാതെ അവസാനിച്ചു. 90-ാം മിനിറ്റില്‍ ഡല്‍ഹിയുടെ ഡേവിഡ് എന്ഗെയ്തേയുടെ ശക്തമായ ഷോട്ട് സുബ്രതാ പാല് ഡൈവ് ചെയ്ത് കൈക്കുള്ളിലാക്കി.
ജംഷഡ്പുര്‍ എഫ്സിക്ക് ആദ്യ ജയം
12:58 AM Dec 07, 2017 | Deepika.com