കോട്ടയം: ചരിത്രനേട്ടത്തിലേക്ക് കണ്ണും നട്ട് കേരളത്തിന്റെ ചുണക്കുട്ടന്മാര് ഇന്ന് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിര്‍ണായക പോരാട്ടത്തിനിറങ്ങുന്നു. നോക്കൗട്ട് റൗണ്ടിലേക്ക് ഒരു മത്സരവിജയത്തിന്റെ ദൂരം മാത്രമുള്ള കേരളം ഇന്ന് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ഹരിയാനയെയാണ് നേരിടുന്നത്. 28 വരെ നീളുന്ന പോരാട്ടത്തില്‍ വിജയിച്ചാല്‍ കേരളം നോക്കൗട്ടിലെത്തും. അങ്ങനെയെങ്കില്‍ പുതിയ രൂപത്തിലേക്ക് രഞ്ജി പോരാട്ടങ്ങള്‍ മാറിയ ശേഷം ആദ്യമായായിരിക്കും കേരളം നോക്കൗട്ടിലെത്തുന്നത്.
ഹരിയാനയിലെ ലാഹ്ലിയിലെ ചൗധരി ബന്‍സിലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ച് മത്സരങ്ങളില്‍ നാല് വിജയവും ഒരു പരാജയവുമായി കേരളം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. കേരളത്തിന് 24 പോയിന്റുണ്ട്. ഗുജറാത്താണ് ഒന്നാമത്. സൗരാഷ്്ട്ര മൂന്നാമതുണ്ട്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്നും ഒമ്പതു പോയിന്റുമായി ഹരിയാന ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ കേരളത്തിനു നോക്കൗട്ടിലെത്താം. നേരത്തെ, രാജസ്ഥാന്, ജാര്‍ഖണ്ഡ്, ജമ്മുകാഷ്മീര്‍, സൗരാഷ്്ട്ര എന്നീ ടീമുകളെ കേരളം പരാജയപ്പെടുത്തിയപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ ഗുജറാത്തിനോടു കേരളം പരാജയപ്പെടുകയായിരുന്നു.
മികച്ച പ്രകടനങ്ങള്‍
1994-95
രണ്ടു വിജയം നേടി ദക്ഷിണമേഖലാ ചാമ്പ്യന്മാരായ കേരളം പ്രീക്വാര്‍ട്ടറില്‍ ഉത്തര്‍പ്രദേശിനോട് സമനില വഴങ്ങി. എന്നാല്‍, ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഉത്തര്‍പ്രദേശ് ക്വാര്‍ട്ടറിലേക്കു യോഗ്യത നേടി, കേരളം പുറത്ത്. അനന്തപദ്മനാഭനും എഫ്. വി. റഷീദുമായിരുന്നു ആ സീസണില്‍ കേരളത്തെ നയിച്ചത്.
1996-97
മൂന്നു വിജയത്തോടെ ദക്ഷിണമേഖലാ ചാമ്പ്യന്മാരായി കേരളം സൂപ്പര്‍ ലീഗിലേക്ക്. സൂപ്പര്‍ ലീഗില്‍ പഞ്ചാബിനോടും മഹാരാഷ്്ട്രയോടും കേരളം തോറ്റു. അതേസമയം ആദ്യ ഇന്നിംഗ്സ് ലീഡ് വഴങ്ങി മധ്യപ്രദേശിനോടും ആദ്യ ഇന്നിംഗ്സ് ലീഡ് നേടി ഒഡീഷയോടും കേരളത്തിനു സമനില. കേരളം ലീഗില്‍ പുറത്ത്. എഫ്.വി. റഷീദായിരുന്നു കേരളത്തിന്റെ നായകന്
2002-03
കേരളത്തിന്റെ ഏറ്റവും മികച്ച രഞ്ജി പ്രകടനം. പ്ലേറ്റ് ഘട്ടത്തില്‍ ഫൈനല്‍ വരെയെത്തി. സെമിയില്‍ മധ്യപ്രദേശിനെ 68 റണ്‍സിനു പരാജയപ്പെടുത്തിയ കേരളം ഫൈനലില്‍ കര്‍ണാടകയോട് ഇന്നിംഗ്സ് തോല്‍വി വഴങ്ങി പുറത്ത്. എന്നാല്‍, ഫൈനലിലെത്തിയ മികവിന്റെ അടിസ്ഥാനത്തില്‍ 2003-04 സീസണില്‍ എലൈറ്റ് ഘട്ടത്തില്‍ കളിക്കാനായി. സുനില്‍ ഒയാസിസ് ആയിരുന്നു നായകന്.
2007-08
പ്ലേറ്റ് ഘട്ടത്തില്‍ സെമിവരെയെത്തി. എന്നാല്‍, സെമിയില്‍ റെയില്‍വേസിനോട് സമനില വഴങ്ങി. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ റെയില്‍വേസ് ഫൈനലിലേക്ക് യോഗ്യത സ്വന്തമാക്കി. സോമി ചെറുവത്തൂരായിരുന്നു കേരലത്തെ നയിച്ചത്.
കേരള താരം സഞ്ജു പരിശീലനത്തിൽ
രഞ്ജിയിൽ ചരിത്രം രചിക്കാൻ കേരളം
12:35 AM Nov 25, 2017 | Deepika.com