നിക്കോസിയ/സെവിയ്യ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരീം ബെന്‍സമയും ഇരട്ട ഗോളുമായി കളം നിറഞ്ഞു കളിച്ചപ്പോള്‍ റയല്‍ മാഡ്രിഡ് സൈപ്രസ് ക്ലബ് അപോലിനെ മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്ക് വീഴ്ത്തി പ്രീക്വാര്‍ട്ടറിലെത്തി. സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡോ 49, 54 മിനിറ്റുകളിലും ബെന്‍സെമ 39, 45+1 മിനിറ്റുകളിലുമാണ് ഗോള്‍ നേടിയത്. ഇവര്‍ക്കൊപ്പം നാച്ചോ (41), ലൂക്കാ മോഡ്രിച്ച് (23) എന്നിവരുടെ ഗോളുകളും ചേര്‍ന്നപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മിന്നുന്ന ജയം സ്വന്തമാക്കി.
പകുതി സമയത്ത് റയല്‍ 4-0നു മുന്നിലായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി റൊണാള്‍ഡോ മാറുന്നതിനും മത്സരം സാക്ഷ്യം വഹിച്ചു. 18 ഗോളുകളാണ് ഈ വര്‍ഷം ഇതുവരെ റൊണാള്‍ഡോയുടെ സമ്പാദ്യം. ഗ്രൂപ്പ് എച്ചില് നിലവില്‍ റയല്‍ ടോട്ടനത്തിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സാന്റിയാഗോ ബര്‍ണാബുവില്‍ റയല്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ നേരിടും.
ടോട്ടനം ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ 2-1ന് തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിലായ ടോട്ടനം, രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് വിജയം ആഘോഷിച്ചത്. പിയറി എമറിക് ഔബമെയാംഗ് 31-ാം മിനിറ്റില്‍ ആതിഥേയരെ മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ ഹാരി കെയ്ന്‍ (49) സമനില നല്കി. സന് ഹ്യൂംഗ് മിന് 76-ാം മിനിറ്റില്‍ വിജയ ഗോള്‍ സ്വന്തമാക്കി.
ഗ്രൂപ്പ് ഇയില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ അടുത്ത മത്സരം വരെ കാത്തിരിക്കണം. ഇന്നലെ നടന്ന മത്സരത്തില്‍ സെവിയ്യയുമായുള്ള മത്സരം 3-3ന് സമനിലയായതോടെയാണ് ലിവര്‍പൂളിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം അവസാന മത്സരം വരെ നീട്ടിയത്. മൂന്നാം സ്ഥാനത്തുള്ള സ്പാര്‍ടക് മോസ്കോയാണ് ലിവര്‍പൂളിന്റെ അടുത്ത എതിരാളികള്‍. ആദ്യ പകുതിയില്‍ മൂന്നു ഗോളിനു മുന്നില്‍നിന്നശേഷമാണ് ലിവര്‍പൂള്‍ സമനില വഴങ്ങിയത്. 93-ാം മിനിറ്റില്‍ ഗ്വിഡോ പിസാറോയാണ് ലിവര്‍പൂളിന്റെ ജയമോഹങ്ങളെ തകര്‍ത്തത്. 2005ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മൂന്നു ഗോളിനു പിന്നില്‍നിന്നശേഷം രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ നടത്തിയ തിരിച്ചുവരവിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു സെവിയ്യയുടെ പ്രകടനം. 2,30 മിനിറ്റുകളില്‍ റോബര്‍ട്ടോ ഫിര്‍മിനോ ഇരട്ട ഗോള്‍ നേടി. ഇതിനിടെ സാദിയോ മാനെ (22) യുടെ ഗോളും ചേര്‍ന്നപ്പോള്‍ ലിവര്‍പൂള്‍ ആദ്യ പകുതി സ്വന്തമാക്കി.
എന്നാല്‍ രണ്ടാം പകുതിയില്‍ വിസാം ബെന്‍ യെഡെര്‍ ഇരട്ട ഗോള്‍ (51, 60 പെനാല്‍റ്റി) നേടി. ഇഞ്ചുറി ടൈമില്‍ പിസാറോയുടെ ഗോള്‍ ലിവര്‍പൂളിന്റെ വിജയത്തെ തടഞ്ഞു. സ്പാര്ക് മോസ്കോ-മരിബര് മത്സരം 1-1ന് സമനിലയായി.
ഗ്രൂപ്പ് എഫില്‍ നോക്കൗട്ട് റൗണ്ട് ഉറപ്പാക്കിയിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി ഡച്ച് ടീമായ ഫെയര്നൂര്ദിനെതിരെ ഒരു ഗോള്‍ വിജയവുമായി ഒന്നാം സ്ഥാനം ഉറപ്പിച്ചു. സമനിലയിലേക്കു നീങ്ങുകയായിരുന്ന മല്‍സരത്തിന്റെ 88–ാം മിനിറ്റില്‍ റഹിം സ്റ്റെര്‍ലിംഗ് നേടിയ ഗോളാണ് സിറ്റിക്ക് വിജയം സമ്മാനിച്ചത്. സിറ്റിയുടെ തുടര്‍ച്ചയായ 17-ാം ജയമാണ്. മറ്റൊരു മല്‍സരത്തില്‍ നാപ്പോളിയോടു 3-0ന് തോറ്റ ഷാക്തര്‍ ഡൊണറ്റ്സ്കിന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യത അടുത്ത മത്സരത്തില്‍ അറിയാം. സമനില നേടിയിരുന്നെങ്കില്‍ ഷക്തറിന് നോക്കൗട്ടില്‍ കടക്കാമായിരുന്നു. നാപ്പോളിയാകട്ടെ, ഈ വിജയത്തോടെ നോക്കൗട്ട് പ്രതീക്ഷ കാത്തു.
ഗ്രൂപ്പ് ജിയില്‍ കഴിഞ്ഞ തവണ സെമിയിലെത്തിയ ഫ്രഞ്ച് ക്ലബ് മോണക്കോയെ ഒന്നിനെതിരേ നാലു ഗോളിനു വീഴ്ത്തി ജര്‍മന്‍ ക്ലബ് ലീപ്സിഗ് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി. നിലവില്‍ മൂന്നാം സ്ഥാനത്താണ് ജര്‍മന്‍ ക്ലബ്. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ലീപ്സിഗിന്റെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു അഞ്ചു ഗോളുകളും. മോണക്കോ താരം ജെമേഴ്സന്റെ ആറാം മിനിറ്റിലെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ലീപ്സിഗിനെ ജര്‍മന്‍ താരം ടിമോ വെര്‍ണര്‍ 9,31 മിനിറ്റുകളില്‍ നേടിയ ഇരട്ടഗോളുകള്‍ ലീഡ് ഉയര്‍ത്തി. അവരുടെ നാലാം ഗോള്‍ നബി കെയ്റ്റ (45) നേടി. റഡാമല്‍ ഫാല്‍ക്കാവോയുടെ (43) വകയായിരുന്നു മൊണോക്കോയുടെ ആശ്വാസ ഗോള്‍. തുര്‍ക്കി ക്ലബ് ബെസിക്ടാസ് പോര്‍ച്ചുഗല്‍ ക്ലബ് എഫ്സി പോര്‍ട്ടോ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. 11 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ബെസിക്ടാസ് പ്രീക്വാര്‍ട്ടറിലെത്തി. ഏഴു പോയിന്റുള്ള പോര്‍ട്ടോ രണ്ടാം സ്ഥാനത്താണ്.
റയല്‍, ടോട്ടനം പ്രീക്വാര്‍ട്ടറില്‍; ലിവര്‍പൂള്‍ കാത്തിരിക്കണം
12:20 AM Nov 23, 2017 | Deepika.com