തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്രയ്ക്കെതിരേ കേരളത്തിന് തകര്‍പ്പന്‍ ജയം. 309 റണ്‍സിന് സൗരാഷ്ട്രയെ തോല്പിച്ച കേരളം ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.അഞ്ചു കളികളില്‍ നാലു ജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ 24 പോയിന്റാണ് കേരളത്തിനുള്ളത്. ഇതോടെ ഗ്രൂപ്പ് ബിയില്‍ കേരളം രണ്ടാം സ്ഥാനത്തെത്തി.
കേരളത്തിന്റെ അടുത്ത മത്സരം ഹരിയാനയ്ക്കെതിരേ ഹരിയാനയിലാണ്. ഇന്നലെ സൗരാഷ്ട്രയ്ക്കെതിരേ വിജയിച്ചതോടെ കേരളം രഞ്ജി ട്രോഫിയില്‍ വിജയത്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. 1960-ല്‍ ആന്ധ്രയ്ക്കെതിരേ എന്‍ ബാലന് പണ്ഡിറ്റ് ക്യാപ്റ്റനായുള്ള കേരളാ ടീം ഇന്നിംഗ്സിനും അഞ്ചു റണ്‍സിനും വിജയിച്ചതാണ് ആദ്യ ജയം.
തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ താരനിബിഡമായ സൗരാഷ്ട്രയ്ക്കതിരേ ആദ്യ ഇന്നിംഗ്സില്‍ ഏഴു റണ്‍സ് ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിംഗ്സില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് കേരളം മിന്നും ജയം സ്വന്തമാക്കിയത്. തുടര്‍ച്ചയായ മത്സരങ്ങളില്‍ മനോഹരമായ ബാറ്റിംഗ് കാഴ്ചവച്ച സഞ്ജു സാംസന്റെ മികവിലാണ് കേരളം വെന്നിക്കൊടി നാട്ടിയത്. ആദ്യ ഇന്നിംഗ്സില്‍ 68 റണ്‍സ് സ്വന്തമാക്കിയ സഞ്ജു രണ്ടാം ഇന്നിംഗ്സില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശി 180 പന്തില്‍ നിന്ന് 175 റണ്‍സ് നേടി. മാന്‍ ഓഫ് ദ മാച്ചും സഞ്ജു സ്വന്തമാക്കി.
നാലാം ദിനമായ ഇന്നലെ ബാറ്റിംഗ് ആരംഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് എന്ന നിലയിലായിരുന്നു സൗരാഷ്ട്ര. ആദ്യ ഇന്നിംഗ്സില്‍ 86 റണ്‍സ് നേടിയ റോബിന് ഉത്തപ്പയും എസ്. പാട്ടീലുമായിരുന്നു ക്രീസില്‍ . അഞ്ചു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മുന്‍ ഇന്ത്യന്‍ താരം റോബിന് ഉത്തപ്പയുടെ വിക്കറ്റ് നഷ്ടമായി. സിജിമോന് ജോസഫിന്റെ പന്തില്‍ ഫാബിദ് അഹമ്മദ് ക്യാച്ചെടുത്ത് ഉത്തപ്പ (12) പുറത്തായതോടെ അവരുടെ തകർച്ച ആരംഭിച്ചു. അവസാന അഞ്ചു റണ്‍സ് എടുക്കുന്നതിനിടെ സൗരാഷ്ട്രയുടെ അഞ്ചു വിക്കറ്റുകള്‍ കടപുഴകി. കേരളത്തിനു വേണ്ടി രണ്ട് ഇന്നിംഗ്സുകളിലുമായി സിജോമോന്‍ ജോസഫ് ഏഴും ജലജ് സക്സേന അഞ്ചും വിക്കറ്റുകള്‍ നേടി.
പോയിന്റ് നില (ഗ്രൂപ്പ് ബി)
( ടീം, മത്സരം, ജയം, തോല്‍വി, ടൈ, സമനില,
പോയിന്റ് എന്ന ക്രമത്തില്‍)
ഗുജറാത്ത് 5-4-0-0-1-27
കേരളം 5-4-1-0-0-24
സൗരാഷ്്ട്ര 5-3-1-0-1-23
ജമ്മുകാഷ്മീര്‍ 6-1-4-0-1-9
ഹരിയാന 5-1-3-0-1-9
ജാര്‍ഘണ്ഡ് 5-1-3-0-1-8
രാജസ്ഥാന് 5-0-2-0-3-5
കേരളത്തിനു ഹാഫ് സെഞ്ചുറി
09:46 PM Nov 20, 2017 | Deepika.com