കൊച്ചി: കഴിഞ്ഞ തവണ പൊരുതി വീണതിന്റെ കലിപ്പും നിരാശയും കാലിലൊളിപ്പിച്ചു കോല്‍ക്കത്തന്‍ തിരമാലകള്‍ക്കു മേല്‍ മഞ്ഞപ്പട പടര്‍ന്നു കയറുമെന്ന പ്രതീക്ഷകള്‍ തല്ലിക്കെടുത്തി കേരള ബ്ലാസ്റ്റഴ്സിനു സമനില. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ നാലാം സീസണ് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ എടികെയാണ് ബ്ലാസ്റ്റേഴേ്സിനെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയത്.
ഉദ്ഘാടനം മാമാങ്കവും ഒപ്പം ബ്ലാസ്റ്റേഴ്സിന്റെ മിന്നും വിജയവും കൊതിച്ചെത്തിയ ആരാധകര്‍ക്കു മുന്നില്‍ തീര്‍ത്തും നിരാശ നല്കുന്ന പ്രകടനമാണു സന്ദേശ് ജിങ്കനും സംഘവും പുറത്തെടുത്തത്. നിലവിലെ ചാമ്പ്യന്മാരുടെ നിഴലില്‍ ഒതുങ്ങിയ എടികെയും നിറം മങ്ങിയപ്പോള്‍ ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു നീക്കം പോലും ലഭിക്കാതെയാണ് 37,462 കാണികള്‍ കൊച്ചിയില്‍നിന്നു മടങ്ങിയത്. കൊട്ടിഘോഷിച്ചു കൊണ്ടു വന്ന ബള്‍ഗേറിയന്‍ താരം ദിമിതര്‍ ബെര്‍ബറ്റോവും ഇയാന്‍ ഹ്യൂമുമെല്ലാം കടലാസിലെ പുലികളായപ്പോള്‍ കൊച്ചിക്കാരുടെ കയ്യടി കുറച്ചെങ്കിലും ലഭിച്ചത് മിലന് സിംഗിനും കറേജ് പെക്കൂസണുമാണ്.
കോല്‍ക്കത്തയുടെ പന്തടക്കമുള്ള സമീപനത്തോടെ തുടങ്ങിയ കളിയില്‍ ബ്ലാസ്റ്റേഴ്സാണ് ആദ്യ ഗോള്‍ ശ്രമം നടത്തിയത്. നാലാം മിനിറ്റില്‍ മഞ്ഞപ്പടയുടെ കോല്‍ക്കത്തന്‍ ഗോള്‍ മുഖം ലക്ഷ്യമാക്കിയുള്ള മുന്നേറ്റത്തിനൊടുവില്‍ മിലന് സിംഗ് കരുത്തുറ്റ ലോംഗ് ഷോട്ട് പായിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്കു പോയി. ഇതിനു മറുപടിയെന്നോണം കോല്‍ക്കത്ത ബ്ലാസ്റ്റേഴ്സ് പാളയത്തിലേക്കു കുതിച്ചെത്തിയെങ്കിലും പാറ പോലെ ഉറച്ചുനിന്ന ജിങ്കന്റെ നാലംഗ സംഘത്തിനു ഭീഷണിയായില്ല.
എന്നാല്‍, 13-ാം മിനിറ്റില്‍ ഗ്രൗണ്ടിനെ ഒരു നിമിഷം സ്തബ്ദരാക്കി കോല്‍ക്കത്തയുടെ യുവ താരം ഹിതേഷ് ശര്‍മ പെനാല്‍റ്റി ബോക്സിനുള്ളില്‍നിന്നു തൊടുത്ത ഷോട്ട് ഒരു വിധത്തില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പോള്‍ റെചുബ്കാ തട്ടിയകറ്റി. ഇടതു വിംഗില്‍ കീഗന്‍ പെരേരയും ഹോസെ സാന്റോസ് ബ്രാങ്കോയും മെനഞ്ഞ നീക്കങ്ങള്‍ ഗോളില്‍ കലാശിക്കാതിരുന്നതു ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യം കൊണ്ടു മാത്രമായിരുന്നു.
രണ്ടാം പകുതിയില്‍ അല്പം മെച്ചപ്പെട്ട നീക്കങ്ങള്‍ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നുണ്ടായി. കളി അവസാന പത്തു മിനിറ്റിലേക്കെത്തുമ്പോഴും ഇരു ടീമുകളും ഗോള്‍ നേടാനുള്ള തീവ്രത വളരെ കുറവു മാത്രമാണു കളത്തില്‍ പ്രകടിപ്പിച്ചത്. 80-ാം മിനിറ്റില്‍ സി.കെ. വിനീതിനു പകരം മറ്റൊരു മലയാളി താരമായ പ്രശാന്ത് മോഹനെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. കളി അധിക സമയത്തേക്കു നീണ്ടപ്പോള്‍ പിറന്ന കോര്‍ണറില്‍ ഗോള്‍ സ്വപ്നം കണ്ടു ഒരു ശ്രമമുണ്ടായെങ്കിലും മദുംദാറിനെ കീഴടക്കാനാന് ഇത്തവണയും ബ്ലാസ്റ്റേഴ്സിനു സാധിച്ചില്ല. ആക്രണ ഫുട്ബോളിന്റെ സുവര്‍ണ മുഹൂര്‍ത്തങ്ങള്‍ പ്രതീക്ഷിച്ചെത്തിയ ആരാധകര്‍ക്കു നിരാശയേകി ഫൈനല്‍ വിസില്‍ മുഴങ്ങി. ഇതായിരുന്നില്ല ബ്ലാസ്റ്റേഴ്സ്... സ്വപ്നം കണ്ടതും പ്രതീക്ഷിച്ചതും ഒന്നും ഇതായിരുന്നില്ല.
ബിബിന്‍ ബാബു
തുടക്കം വിരസം
12:34 AM Nov 18, 2017 | Deepika.com