കോല്‍ക്കത്ത: മഴഭീഷണിയില്‍ ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം. കോല്‍ക്കത്തയിലെ പ്രശസ്തമായ ഈഡന് ഗാര്‍ഡന്‍സിലാണ് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം. ഇതിനുമുമ്പ് ഇരുവരും ഏറ്റുമുട്ടിയ സമ്പൂര്‍ണ പരമ്പരയില്‍ 9-0ന്റെ വിജയം നേടിയ ഇന്ത്യ മികച്ച ആത്മവിശ്വാസത്തിലാണ്. അതേസമയം, തിരിച്ചുവരവിനു ശ്രമിക്കുന്ന ശ്രീലങ്കയുടെ മുന്നൊരുക്കം അച്ചടക്കത്തോടെയായിരുന്നു. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ 2-0ന്റെ വിജയം നേടാനായത് അവര്‍ക്ക് ആത്മവിശ്വാസം കൂട്ടുന്നു.
അടുത്ത വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയോട് രണ്ടു മാസം നീളുന്ന പരമ്പര കളിക്കേണ്ട ഇന്ത്യക്ക് വിജയം അനിവാര്യമാണ്. കഴിഞ്ഞ 35 വര്‍ഷത്തിനിടെ 16 തവണ ഇന്ത്യയില്‍ പര്യടനം നടത്തിയിട്ടുണ്ടെങ്കിലും ഒരു ടെസ്റ്റില്പോലും വിജയം നേടാന്‍ മരതകദ്വീപുകാര്ക്കായിട്ടില്ല. വന്‍കിട താരങ്ങള്ക്കാകാത്തത് ദിനേഷ് ചന്ഡിമലിനും സംഘത്തിനുമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
മികച്ച ഫോമിലുള്ള ഇന്ത്യന്‍ താരങ്ങളില്‍ ആരെയൊക്കെ ടീമിലുള്‍പ്പെടുത്തണമെന്ന കാര്യത്തിലാണ് നായകന് വിരാട് കോഹ്്ലിക്കു വെല്ലുവിളിയുണ്ടാകുന്നത്. ഭുവനേശ്വര്‍ കുമാര്‍ ടീമിലെത്തിയതോടെ അഞ്ചു ബൗളര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. അങ്ങനെവന്നാല്‍ ഒരു ബാറ്റ്സ്മാന് പുറത്തിരിക്കേണ്ടി വരും.
രവീന്ദ്ര ജഡേജയ്ക്കു വഴിയൊരുക്കാന്‍ ഒരുപക്ഷേ, ചൈനാമാന്‍ കുല്‍ദീപ് യാദവിനു മാറി നില്‍ക്കേണ്ടി വരും. മുരളി വിജയ് ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. എന്നാല്‍, കെ.ആല്. രാഹുലിനും ശിഖര്‍ ധവാനും തന്നെയാകും ഓപ്പണിംഗ് സ്ഥാനത്തേക്ക് പ്രഥമ പരിഗണന നല്‍കുന്നത്. ചേതേശ്വര്‍ പൂജാര മൂന്നാമതും രോഹിത് ശര്‍മ, വിരാട് കോഹ്്ലി, അജിങ്ക്യ രഹാനെ എന്നിവര്‍ പിന്നാലെയും വരും.
വിജയം തുടരാന്‍ ടീം ഇന്ത്യ ഇന്ത്യ - ശ്രീലങ്ക ആദ്യ ടെസ്റ്റ് ഇന്ന്
11:42 PM Nov 15, 2017 | Deepika.com