നാഗ്പുര്‍: 82-ാമത് ദേശീയ ബാഡ്മിന്റണില്‍ സൂപ്പര്‍ പോരാട്ടങ്ങള്‍. തങ്ങളില്‍ ആരാണ് മികച്ചവര്‍ എന്നറിയാന്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇന്ത്യയിലെ മികച്ചവര്തന്നെ. വനിതാ വിഭാഗത്തില്‍ ഒളിമ്പിക് മെഡലിസ്റ്റുകളായ സൈന നെഹ്വാളും പി.വി. സിന്ധുവും ഏറ്റുമുട്ടുമ്പോള്‍ പുരുഷ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ കിഡംബി ശ്രീകാന്തും അട്ടിമറി വീരന് എച്ച്.എസ്. പ്രണോയ്യും. സെമി ഫൈനലില്‍ ലോക 11-ാം റാങ്ക് സൈന അനായസമായി അനുര പ്രഭുദേശായിയെ 21-11, 21-10ന് കീഴടക്കിയപ്പോള്‍ ലോക രണ്ടാം നമ്പര്‍ സിന്ധു രുത്വിക ശിവാനിക്കെയിരേ വിയര്‍പ്പെഴുക്കി. 17-21, 21-15, 21-11നായിരുന്നു ലോക രണ്ടാം നമ്പറിന്റെ ജയം.
പുരുഷന്മാരില് പ്രണോയ് 21-14, 21-17ന് ശുഭാങ്കര്‍ ഡെയും ടോപ് സീഡ് ശ്രീകാന്ത് 21-16, 21-18ന് ലക്ഷ്യ സെന്നിനെയും പരാജയപ്പെടുത്തി. സൈനയും സിന്ധുവും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചതേ ഇവര്‍ തമ്മിലുള്ള ഫൈനല്‍ പ്രതീക്ഷിച്ചിരുന്നു. 2006ലും 2007ലും തുടര്‍ച്ചയായി സീനിയര്‍ ദേശീയ ചാമ്പ്യനായശേഷം സൈന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ലായിരുന്നു. 2011ല്‍ ജേതാവായശേഷം സിന്ധുവും ടൂര്‍ണമെന്റില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ഇതിനുമുമ്പ് 2011ലും സിന്ധു ജേതാവായിരുന്നു.
പുരുഷ ഫൈനലും പ്രതീക്ഷിച്ചതായിരുന്നു. ശ്രീകാന്തും പ്രണോയ്യും അന്താരാഷ് ട്ര തലത്തില്‍ നാലു തവണ ഏറ്റുമുട്ടി. ഇതില്‍ മൂന്നിലും ശ്രീകാന്ത് ജയിച്ചപ്പോല്‍ 2011ലെ ടാറ്റാ ഓപ്പണില്‍ പ്രണോയിക്കായിരുന്നു ജയം. ഈ സീസണില്‍ ഇരുവരും മികച്ച ഫോമിലാണ്. ശ്രീകാന്ത് അഞ്ചു ഫൈനലില്‍ പ്രവേശിച്ചതില്‍ നാലു കിരീടം സ്വന്തമാക്കി. ഒരു സീസണില്‍ നാലു സൂപ്പര്‍ സീരീസ് കിരീടം നേടിക്കൊണ്ട് ലിന് ഡാന്‍, ലീ ചോംഗ് വീ, ചെന്‍ ലോംഗ് എന്നിവര്‍ക്കൊപ്പമെത്തി. പ്രണോയ്യും ഫോമിലാണ്. യുഎസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ചാമ്പ്യനായിരുന്നു.
ഇന്തോനേഷ്യ സൂപ്പര്‍ സീരീസ് പ്രീമിയര്‍, ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസുകളില്‍ സെമിയിലെത്താനായി. ചോംഗ് വീ, ചെന്‍ ലോംഗ് എന്നിവരെ ഈ സീസണില്‍ പരാജയപ്പെടുത്തുകയും ചെയ്തു.
സിന്ധു-സൈന, ശ്രീകാന്ത്-പ്രണോയ് ഫൈനല്‍
12:28 AM Nov 08, 2017 | Deepika.com