പാലാ: കഴിഞ്ഞ വര്‍ഷം കൈവിട്ട പോരാട്ടവീര്യം തിരികെപ്പിടിച്ചപ്പോള്‍ എറണാകുളത്തിനു മുന്നില്‍ പാലക്കാടിന് പിടിച്ചു നില്ക്കാന് സാധിച്ചില്ല. ട്രാക്കിലും ഫീല്‍ഡിലും ഒരേ പോലുള്ള പ്രകടനം നടത്തിയാണ് എറണാകുളം ഇക്കുറി സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മികച്ച വിജയം സ്വന്തമാക്കിയത്.
എതിരാളികളെ ബഹുദൂരം പിന്നിലാക്കി 258 പോയിന്റോടെ എറണാകുളം വിജയം സ്വന്തമാക്കിയപ്പോള്‍ അത് ഒരു കൂട്ടായ്മയുടെ കൂടി വിജയമായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ വ്യക്തിഗത സ്കൂളുകളുടെ മികവിന്റെ അടിസ്ഥാനത്തിലായിരുന്നു ഓരോ ജില്ലയും ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയിരുന്നതെങ്കില്‍ ഇക്കുറി ജില്ലയിലെ വിവിധ സ്കൂളുകള്‍ ഒത്തൊരുമയോടെ പോരാടിയപ്പോള്‍ കിരീടം എറണാകുളത്തിന്റെ തലയിലെത്തി.
എറണാകുളത്തിനു വേണ്ടി ഏറ്റവും കൂടുല്‍ പോയിന്റ് കോതമംഗലം മാര്‍ ബേസില്‍ സ്കൂള്‍ നേടിയപ്പോള്‍ കോതമംഗലം സെന്റ് ജോര്‍ജും ഗവണ്മെന്റ് വിഎച്ച്എസ് മാതിരപ്പള്ളിയും മികച്ച പിന്തുണ നല്കി.
മുന്‍ വര്‍ഷങ്ങളിലെ മികവാര്‍ന്ന പ്രകടനം പാലക്കാടിന് ഇക്കുറി നടത്താന്‍ കഴിയാതെ പോയതും എറണാകുളത്തിന് കൂടുതല്‍ കരുത്തായി. പാലക്കാടിന് കഴിഞ്ഞ വര്‍ഷം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് നിര്‍ണായക സഹായം നല്കിയ പറളി, മുണ്ടൂര്‍ സ്കൂളുകള്‍ക്ക് ഇക്കുറി ശക്തമായ മെഡല്‍ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ല. എന്നാല്‍ എറണാകുളത്തെ പ്രധാന കായിക സ്കൂളുകളെല്ലാം മിന്നും പ്രകടനം നടത്തിയതോടെ കിരീടം അവരുടെ കീശയിലുമായി.
നയിച്ചത് മാര്‍ ബേസില്‍
കോതമംഗലം മാര്‍ ബേസിലാണ് എറണാകുളത്തെ ചാമ്പ്യന്‍ പട്ടത്തിലേക്ക് നയിച്ചതിനു മുന്നില്‍ നിന്നത്. 13 സ്വര്‍ണവും ഒരു വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 75 പോയിന്റോടെ കോതമംഗം മാര്‍ ബേസില്‍ ചാമ്പ്യന്‍ സ്കൂള്‍ ആയപ്പോള്‍ എറണാകുളം ജില്ലയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ പട്ടത്തിന് അത് നിര്‍ണായയ ഘടകമായി. ട്രാക്കിലും ഫീല്‍ഡിലും ഒരേപോലെ കാഴ്ചവച്ച മികവാര്‍ന്ന പ്രകടനമാണ് മാര്‍ ബേസിലിനെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും മികച്ച കായിക സ്കൂളായി തെരഞ്ഞെടുക്കപ്പൊനും ഇടയാക്കിയത്.
ആറു സ്വര്‍ണവും അഞ്ചു വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ 47 പോയിന്റുകള്‍ ഗവണ്മെന്റ് വൊക്കേണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാതിരപ്പള്ളി എറണാകുളത്തിനായി സമ്മാനിച്ചപ്പോള്‍ ഏഴു സ്വര്‍ണവും ഒരു വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ 42 പോയിന്റ് കോതമംഗലം സെന്റ് ജോര്‍ജ് എറണാകുളത്തിന്റെ പട്ടികയിലേക്ക് സമ്മാനിച്ചു. മീറ്റിലെ ട്രിപ്പിള്‍ സ്വര്‍ണത്തിന് ഉടമയും കോതമംഗലം സെന്റ് ജോര്‍ജിന്റെ താരമായ മണിപ്പൂരി ബാലന് താംഗ്ജംഗായിരുന്നു 4-100 മീറ്ററില്‍ സ്വര്‍ണം നേടിയ എറണാകുളം ജില്ലാ ടീമിലും താംഗ്ജംഗ് അംഗമായിരുന്നു.
മണീട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാലു സ്വര്‍ണവും രണ്ടു വെള്ളിയും അഞ്ചു വെങ്കലവും ഉള്‍പ്പെടെ 31 പോയിന്റ് എറണാകുളത്തിന് സമ്മാനിച്ചു.
ഏറ്റവുമധികം മെഡല്‍ നേട്ടം സ്വന്തമാക്കിയ മാര്‍ ബേസിലിനുവേണ്ടി അനുമോള്‍ തമ്പി ട്രിപ്പിള്‍ സ്വര്‍ണനേട്ടത്തിനും ദേശീയ സ്കൂള്‍ മീറ്റില്‍ 3000 മീറ്ററില്‍ നിലവിലുള്ള റിക്കാര്‍ഡ് മറികടക്കുന്ന പ്രകടനവും നടത്തി. ജൂണിയര്‍ ആണ്‍കുട്ടികളുടെ 400, 800 മീറ്ററുകളില്‍ റിക്കാര്‍ഡോടെ സ്വര്‍ണവും 1500 മീറ്ററില്‍ സുവര്‍ണ നേട്ടവും സ്വന്തമാക്കി അഭിഷേക് മാത്യുവും ട്രിപ്പിള്‍ സ്വര്‍ണത്തിന് അര്‍ഹത നേടി മാര്‍ ബേസിലിന്റെ താരമായി.
ജോമി കുര്യാക്കോസ്
എറണാകുളത്തിന്റെ കിരീടനേട്ടം ഒത്തൊരുമയുടേത്
12:32 AM Oct 24, 2017 | Deepika.com