കൊച്ചി: എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. കാല്പന്തുകളിയുടെ പുണ്യ ഭൂമിയില്‍നിന്നും കൗമാര താരങ്ങള്‍ ഇവിടെ വന്നു പന്തു തട്ടിയതിനെ അല്ലാതെ എന്തു പേരു പറഞ്ഞു വിശേഷിപ്പിക്കും. കഴിഞ്ഞ ദിവസം അവസാനിച്ച ആ സുവര്‍ണ നിമിഷങ്ങളുടെ നിര്‍വൃതിയില്‍ കളി പ്രേമികള്‍ പുതിയ സ്വപ്നങ്ങള്‍ കണ്ടു തുടങ്ങുകയാണ്. നേരിട്ടു കാണുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതു കണ്മുന്നില് നൃത്തം വച്ചപ്പോള്‍ വിശ്വസിക്കാനാവാതെ പകച്ചു പോയി, ഫുട്ബോളിനെ സ്നേഹിക്കുന്ന മലയാളികള്‍.
നിറഞ്ഞ സ്നേഹവും കരുതലും നല്‍കിയാണു കൊച്ചി ബ്രസീലിനെ യാത്ര അയയ്ക്കുന്നത്. കളിക്കാനെത്തിയ മറ്റു ടീമുകള്‍ക്ക് അസൂയ ജനിപ്പിക്കും വിധം കാണികള്‍ എല്ലാ പിന്തുണയും ലാറ്റിനമേരിക്കന്‍ സൗന്ദര്യത്തിന്റെ പുതുവാഹകര്ക്കു നല്കി. അതിനു മറുപടിയെന്നോണം നന്ദിയുടെയും ഒപ്പം സ്നേഹത്തിന്റെയും പൂച്ചെണ്ടുകള്‍ നല്‍കിയാണു ഓരോ ബ്രസീല്‍ താരവും മറ്റു ഒഫീഷ്യല്‍സും ഈ മണ്ണിനോടു യാത്ര പറയുന്നത്. കൊച്ചിയില്‍ കളിച്ച മൂന്നു കളികളിലെയും വിജയം മലയാളികള്‍ക്കു മഞ്ഞപ്പടയുടെ സമ്മാനമാണ്. പരിശീലകന് കാല്‍ലോസ് അമേദ്യൂവും അലനും വിറ്റാവോയുമെല്ലാം അവസാന കളിക്കു ശേഷം കൊച്ചിയെ മറക്കില്ലെന്നു പറഞ്ഞാണു മടങ്ങിയത്.
ഇത്ര വേഗം തീര്‍ന്നു പോയല്ലോ
കൊച്ചി പഴയ കൊച്ചിയല്ലെന്നുള്ള സിനിമ ഡയലോഗ് അന്വര്ഥമാകുകയാണ്. ഇനി മുതല്‍ ലോകകപ്പിന് വേദിയൊരുക്കിയ നഗരമെന്നു ലോകമെങ്ങും അറബിക്കടലിന്റെ റാണിയെ വാഴ്ത്തും. സ്പെയിനും ബ്രസീലും കളിച്ച കൊച്ചിയെന്ന വിശേഷണത്തില്‍ കൂടുതല്‍ എന്തു വേണം അഭിമാനിക്കാന്‍. ആബല്‍ റൂയിസും അലനും ബ്രന്നറും പൗളീഞ്ഞോയുമെല്ലാം നാളെ താരങ്ങളാകുമ്പോള്‍ അവരുടെ കരിയര്‍ ഗ്രാഫില്‍ കൊച്ചിയും കേരളവും കുറിക്കപ്പെടും.
ഒരുപക്ഷേ കോല്‍ക്കത്ത കഴിഞ്ഞാല്‍ കളിപ്പെരുമയേറെയുള്ള ഗോവയോടു കിടപിടിക്കുന്ന ആവേശം ഫുട്ബോളിനു നല്കുന്ന കേരളത്തിന് അഭിമാനിക്കാം. പാതിരാത്രിയും പുലര്ച്ചെയെന്നും നോക്കാതെ കണ്ണും നട്ടു ലോകകപ്പ് മത്സരങ്ങള്‍ കാണാനായി ടിവി ഓണ്‍ ചെയ്തിരുന്ന ആരുടെയും സ്വപ്നത്തില്‍ പോലുമുണ്ടായിരുന്നില്ല, ഒരിക്കല്‍ ഈ മണ്ണും വിശ്വ പോരാട്ടത്തിനു വേദിയൊരുക്കുമെന്ന്. കാത്തിരിപ്പിനൊടുവില്‍ ലോകകപ്പ് വന്നു.. ഏഴു മത്സരങ്ങള്‍ തീര്‍ന്നിരിക്കുന്നു. ഇനി 22ന് ഒരു മത്സരം കൂടി മാത്രം... ഇത്ര വേഗം തീര്‍ന്നു പോയല്ലോ...മഞ്ഞയെ പ്രണയിച്ച ദിനങ്ങള്‍
ഫുട്ബോള്‍ എന്നാല്‍ കേരളത്തിനു ലാറ്റിനമേരിക്കയാണ്. അതങ്ങനെയായിട്ടു കാലമേറെയായി. ബ്രസീലിനും അര്‍ജന്റീനയ്ക്കും തുല്യമായി നല്‍കിയിരുന്ന സ്നേഹം മുഴുവന്‍ നീലപ്പടയുടെ അഭാവത്തില്‍ കാനറികള്ക്കാണു ലഭിച്ചത്. ഫുട്ബോളില്‍ പുതിയ ചിറകടി ഉയര്‍ന്നു തുടങ്ങിയ ഇന്ത്യയില്‍ ഈ ലോകകപ്പ് കഴിഞ്ഞാലും വീണ്ടുമൊരു തിരിച്ചുവരവ് ഓരോ താരങ്ങള്‍ക്കും ഉണ്ടാകുമെന്ന പ്രതീക്ഷ കേരളക്കര പുലര്‍ത്തുന്നു. അന്നും കൊച്ചിയിലേക്കു വരാമെന്നുള്ള വാക്കു നല്‍കിയാണു വിറ്റാവോയും സംഘവും മടങ്ങുന്നത്. എന്നാല്‍, ഇവരുടെ കാലില്‍ ഒളിപ്പിച്ച മാന്ത്രികതയുടെ വശ്യത മൂലം ഇനി വരുമ്പോള്‍ ബ്രസീല്‍ ദേശീയ ടീമിന്റെ മിന്നും താരങ്ങളായാവും പലരുമെത്തുക.
മൂന്നു കളികള്‍, അത്രയും ദൈര്‍ഘ്യമേ മഞ്ഞപ്പടയ്ക്കു കൊച്ചിയില്‍ ലഭിച്ചുള്ളൂ. പക്ഷേ, ഓര്‍ക്കാന്‍ ഒരുപിടി ഓര്‍മകള്‍ സമ്മാനിച്ചാണു പൗളീഞ്ഞോയും ലിങ്കണുമെല്ലാം മടങ്ങുന്നത്. പെലെയും ഗാരിഞ്ചയും, റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും എല്ലാ പകര്‍ന്നാടിയ കഥയുടെ പുതിയ ആവിഷ്കാരം 17 തികയാത്ത ഈ കുട്ടിത്താരങ്ങള്‍ക്കു രചിക്കാനായി. യൂറോപ്പിന്റെ പണക്കൊഴുപ്പിലും അപ്രമാദിത്വത്തിലും എവിടെയോ നഷ്ടപ്പെട്ടു പോയ ലാറ്റിനമേരിക്കന്‍ ശൈലിയുടെ മിന്നലാട്ടങ്ങള്‍ പലപ്പോഴും ദര്‍ശിക്കാനായി. ബ്രസീലിയന്‍ ശൈലിയുടെ വക്താവായ കാര്‍ലോസ് അമേദ്യൂവിന്റെ തന്ത്രങ്ങളും താരങ്ങളെല്ലാം ബ്രസീല്‍ ക്ലബ്ബുകളില്‍ കളിക്കുന്നു എന്നുള്ളതുമാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍.
ജിംഗ സ്റ്റൈല്‍ ഫുട്ബോള്‍ ബ്രസീലില്‍ ജനിക്കുന്ന എല്ലാവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്നു പറയാറുണ്ട്. മൈതാനങ്ങളിലും ഇടവഴികളിലും റോഡിലും കുട്ടിക്കാലം മുതല്‍ പന്തു തട്ടി പഠിക്കുമ്പോഴും ഇതേ ശൈലി എല്ലാവരും പിന്തുടരുന്നു. അവിടെയുള്ള ക്ലബ്ബുകളില്‍ കളിച്ചു പ്രതിഭ തെളിയിക്കുന്നതോടെ യൂറോപ്യന്‍ ക്ലബ്ബുകള്‍ വന്നു കൊത്തി പറക്കുന്നതാണ് ഇപ്പോഴത്തെ രീതി. യൂറോപ്പിന്റെയും ലാറ്റിനമേരിക്കയുടെയും ശൈലിയുടെ ഒരു സമ്മിശ്ര രൂപമാണ് പിന്നെയുണ്ടാവുക. പതിയെ സംഗീതം പോലെയുള്ള ഒഴുക്കും ചടുലതയും നഷ്ടമാകും. കാലങ്ങള്‍ക്കു ശേഷം വീണ്ടും അലന്റെയും മാര്‍ക്കസ് അന്റോണിയയുടെയുമെല്ലാം കാലുകളിലൂടെ മനോഹരമായ ഫുട്ബോള്‍ കണ്ടു... ഇഷ്ടപ്പെട്ടു... മനസും കീഴടക്കി... മറക്കില്ല ബ്രസീല്‍, നിങ്ങള്‍ നല്കിയ ചാരുതയാര്‍ന്ന കളിയോര്‍മകള്‍.
ബിബിന്‍ ബാബു
ബ്രസീല്‍... നീ പ്രിയപ്പെട്ടവള്‍...
12:08 AM Oct 20, 2017 | Deepika.com