റയലിനെ ടോട്ടനം തളച്ചു

01:07 AM Oct 19, 2017 | Deepika.com
മാ​ഡ്രി​ഡ്: സാ​ന്‍റി​യാ​ഗോ ബ​ര്‍ണാ​ബു​വി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നെ നേ​രി​ടാ​ന്‍ ടോ​ട്ട​നം എ​ത്തു​മ്പോ​ള്‍ വാ​ര്‍ത്ത​ക​ളി​ല്‍ നി​റ​ഞ്ഞു​നി​ന്ന​ത് ടോ​ട്ട​ന​ത്തി​ന്‍റെ ഇം​ഗ്ലീ​ഷ് സ്‌​ട്രൈ​ക്ക​ര്‍ ഹാ​രി കെ​യ്‌​ന്‍റെ പേ​രാ​ണ്. എ​ന്നാ​ല്‍, ടോ​ട്ട​ന​ത്തി​ന്‍റെ ഗോ​ള്‍ വ​ല കാ​ത്ത യൂ​ഗോ യോ​റി​സ് മി​ന്നു സേ​വു​ക​ളി​ലൂ​ടെ മ​ത്സ​രം ത​ന്‍റെ പേ​രി​ലാ​ക്കി. ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ സൂ​പ്പ​ര്‍ മ​ത്സ​ര​മാ​കു​മെ​ന്നു ക​രു​തി​യ മ​ത്സ​രം അ​ത്ര വ​ലി​യ ആ​വേ​ശ​മൊ​ന്നും ന​ല്‍കാ​തെ 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​യു​ക​യാ​യി​രു​ന്നു. ഫ്ര​ഞ്ച് ഗോ​ള്‍കീ​പ്പ​റു​ടെ മിന്നു​ന്ന ര​ക്ഷ​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് ടോ​ട്ട​ന​ത്തെ സ​മ​നി​ല​യി​ല്‍ പി​രി​യാ​ന്‍ സ​ഹാ​യി​ച്ച​ത്. സ​മ​നി​ല​യോ​ടെ ഗ്രൂ​പ്പ് എ​ച്ചി​ല്‍ ടോ​ട്ട​നം ഏ​ഴു പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​തും അ​ത്ര​ത​ന്നെ പോ​യി​ന്‍റു​ള്ള റ​യ​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്.

ഏ​വ​രെ​യും ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ടോ​ട്ട​നം 28-ാം മി​നി​റ്റി​ല്‍ ലീ​ഡ് ചെ​യ്തു. റ​ഫേ​ല്‍ വെ​റേ​ന​യു​ടെ സെ​ല്‍ഫ് ഗോ​ളാ​ണ് ഇം​ഗ്ലീ​ഷ് ക്ല​ബ്ബി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്. ആ​ദ്യ പ​കു​തി തീ​രും മു​മ്പേ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ (43)പെ​നാ​ല്‍റ്റി​യി​ലൂ​ടെ സ​മ​നി​ല ഗോ​ള്‍ നേ​ടു​ക​യും​ചെ​യ്തു. സെ​ര്‍ജ് ഓറിയെ‍ പെ​നാ​ല്‍റ്റി ബോ​ക്‌​സി​ല്‍ ടോ​ണി ക്രൂ​സി​നെ ഫൗ​ള്‍ ചെ​യ്ത​തി​നാ​യി​രു​ന്നു പെ​നാ​ല്‍റ്റി.

അ​തി​നു​ശേ​ഷം റ​യ​ലി​ന്‍റെ ക​രീം ബെ​ന്‍സ​മ​യു​ടെ ഗോ​ളെ​ന്നു​റ​ച്ച ഹെ​ഡ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ലോ​റി​സ് വ​ല​കാ​ത്തു. പോ​സ്റ്റി​നു തൊ​ട്ട​ടു​ത്തു​നി​ന്നു ബെ​ന്‍സ​മ തൊ​ടു​ത്ത ഷോ​ട്ട് ഫ്ര​ഞ്ച് കീ​പ്പ​ര്‍ കാ​ലു​ക​ള്‍കൊ​ണ്ട് ത​ട​ഞ്ഞു.

ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ട് അ​പോ​ല്‍ നി​കോ​സി​യ​യു​മാ​യി 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ല്‍ ടോ​ട്ട​ന​ത്തോ​ടും റ​യ​ലി​നോ​ടും തോ​റ്റ ബൊ​റൂ​സി​യ​യ്ക്കു അ​പോ​ലി​ന്‍റെ ഗ്രൗ​ണ്ടി​ല്‍ ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്നു.

എ​ന്നാ​ല്‍ സൈ​പ്ര​സ് ക്ല​ബ്ബി​നു മു​ന്നി​ല്‍ ജ​ര്‍മ​ന്‍ ക്ല​ബ്ബി​നു ജ​യം നേ​ടാ​നാ​യി​ല്ല. മി​ക്കാ​യ​ല്‍ പോ​ട്ടേ (62) അ​പേ​ലി​നെ മു​ന്നി​ലെ​ത്തി​ച്ചു. 67-ാം മി​നി​റ്റി​ല്‍ സോ​ക്ര​ട്ടി​സ് പാ​പാ​സ്താ​തോ​പോ​ലോ​സി​ലൂ​ടെ സ​മ​നി​ല പി​ടി​ക്കു​ക​യാ​യി​രു​ന്നു.

വ​ല നി​റ​ച്ച് ലി​വ​ര്‍പൂ​ള്‍, സ്പാ​ര്‍ട​ക്

ഗ്രൂ​പ്പ് ഇ​യി​ല്‍ ലി​വ​ര്‍പൂ​ളും സ്പാ​ര്‍ട​ക് മോ​സ്‌​കോ​യും ഗോ​ള​ടി​ച്ചു കൂ​ട്ടി. എ​വേ ഗ്രൗ​ണ്ടി​ല്‍ ലി​വ​ര്‍പൂ​ള്‍ എ​തി​രി​ല്ലാ​ത്ത ഏ​ഴു ഗോ​ളി​ന് സ്ലൊവേ​നി​യ​ന്‍ ക്ല​ബ് മാ​രി​ബ​റി​നെ ത​ക​ര്‍ത്തു. ലി​വ​ര്‍പൂ​ളി​ന്‍റെ മു​ന്നേ​റ്റ​നി​ര​യി​ലെ മു​ഹ​മ്മ​ദ് സാ​ല​ഹ്, റോ​ബ​ര്‍ട്ടോ ഫി​ര്‍മി​നോ, ഫി​ലി​പ്പെ കു​ട്ടി​ഞ്ഞോ എ​ന്നി​വ​ര്‍ ഗോ​ള്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

ഫി​ര്‍മി​നോ (4,54), സാ​ല​ഹ് (19,39) എ​ന്നി​വ​ര്‍ ഇ​ര​ട്ട ഗോ​ള്‍ നേ​ടി. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ ത​ന്നെ നാ​ലു ഗോ​ളു​മാ​യി ലി​വ​ര്‍പൂ​ള്‍ മ​ത്സ​രം ത​ങ്ങ​ളു​ടേ​താ​ക്കി. കു​ട്ടി​ഞ്ഞോ (13), അ​ല​ക്‌​സ് ഓ​ക്‌​സ്‌​ലേ​ഡ് ചേം​ബ​ര്‍ല​യ്ന്‍ (86), ട്രെ​ന്‍റ് അ​ല​ക്ണ്ടാ​ര്‍ അ​ര്‍നോ​ള്‍ഡ് (90) എ​ന്നി​വ​രും ഗോ​ള്‍പ​ട്ടി​ക​യി​ല്‍ സ്ഥാ​നം നേ​ടി.

സ്പാ​ര്‍ട​ക് സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ സെ​വി​യ്യ​യെ ഒ​ന്നി​നെ​തി​രേ അ​ഞ്ചു ഗോ​ളി​നു ത​ക​ര്‍ത്തു. ക്വി​ന്‍സി പ്രോ​മ​സ് (18, 90) ഇ​ര​ട്ട ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ ലോ​റ​ന്‍സോ മെ​ല്‍ ഹാരെഹോ (58), ഡെ​നി​സ് ഗു​ല്‍ഷാ​കോ​വ് (67), ലൂ​യി​സ് അ​ഡ്രി​യാ​നോ (74) എ​ന്നി​വ​ർ ഓരോ ഗോ​ള്‍ നേ​ടി​. സൈ​മ​ണ്‍ ക്ജാ​യെറുടെ‍ (30) വ​ക​യാ​യി​രു​ന്നു സെ​വി​യ്യ​യു​ടെ ഗോ​ള്‍.

സി​റ്റി​ക്കു മൂ​ന്നാം ജ​യം

തു​ട​ക്ക​ത്തി​ലേ ഗോ​ള്‍ നേ​ടി​യ റ​ഹീം സ്‌​റ്റെ​ര്‍ലിം​ഗ്, ഗ​ബ്രി​യേ​ല്‍ ജീ​സ​സ് എ​ന്നി​വ​ര്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്ക് സ്വ​ന്തം എ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ല്‍ നാ​പ്പോ​ളി​ക്കെ​തി​രേ 2-1ന്‍റെ ​ജ​യ​മൊ​രു​ക്കി. ഗ്രൂ​പ്പ് എ​ഫി​ല്‍ സി​റ്റി​യു​ടെ തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണ്. ആദ്യ 13 മി​നി​റ്റി​നി​ടെ സി​റ്റി ര​ണ്ടു ത​വ​ണ നാ​പ്പോ​ളി​യു​ടെ വ​ല​കു​ലു​ക്കി. ഒ​മ്പ​താം മി​നി​റ്റി​ല്‍ സ്റ്റെ​ര്‍ലിം​ഗും 13-ാം മി​നി​റ്റി​ല്‍ ഗ​ബ്രി​യേ​ല്‍ ജീ​സ​സും. നാ​പ്പോ​ളി തി​രി​ച്ച​ടി​ക്കാ​ന്‍ ശ്ര​മം ശ​ക്ത​മാ​ക്കി. ഡ്രൈ​സ് മെ​ര്‍ട്ട​ന്‍സി​ന് പെ​നാ​ല്‍റ്റി വ​ല​യി​ലാ​ക്കാ​നാ​യി​ല്ല. 73-ാം മി​നി​റ്റി​ല്‍ അ​മാ​ഡു ദി​യാ​വ​രയുടെ സ്‌​പോ​ട് കി​ക് സി​റ്റി​യു​ടെ വ​ല​യി​ല്‍ വീ​ണു.