കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ നാളെ ആരംഭിക്കുന്ന ദക്ഷിണമേഖല അന്തർസർവകലാശാല വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കണ്ണൂർ സർവകലാശാല ടീമിനെ തലശേരി ഗവ. ബ്രണ്ണൻ കോളജിലെ എയ്ഞ്ചൽ ജോസഫ് നയിക്കും.
12 അംഗ സംഘത്തിൽ എയ്ഞ്ചൽ ഉൾപ്പെടെ മൂന്നുപേർ സീനിയർ ഇന്ത്യൻ ടീമംഗങ്ങളാണ്. ബ്രണ്ണൻ കോളജിലെ അഞ്ജലി ബാബു, എസ്. സൂര്യ എന്നിവരാണ് ദേശീയ താരങ്ങളായ ടീമംഗങ്ങൾ. മറ്റ് ടീമംഗങ്ങൾ: എ.ടി.അൽഫോൻസ, എൻ.ടി. ജെസ്ന, അഞ്ജലി സണ്ണി, എൻ. അശ്വിനി (കെഎംഎം വനിതാ കോളജ്, കണ്ണൂർ), മേരി അനീന, ഡോണ ജയിംസ്, അനുശ്രീ വി. ബാബു, മരിയ സെബാസ്റ്റ്യൻ, ടി.എസ്. അലീന (ബ്രണ്ണൻ കോളജ്, തലശേരി). തലശേരി സായ് സെന്ററിലെ ടി. ബാലചന്ദ്രൻ കോച്ചും വയനാട് ഗവ. എൻജിനിയറിംഗ് കോളജിലെ ജോളി തോമസ് മാനേജരുമാണ്. ദക്ഷിണമേഖലയിലെ നിലവിലുള്ള ചാമ്പ്യൻമാരായ കണ്ണൂർ സർവകലാശാല 2005 മുതൽ തുടർച്ചയായി ഏഴു വർഷം അഖിലേന്ത്യാ ചാമ്പ്യൻമാരായിരുന്നു.
നാളെമുതൽ 25 വരെ ദക്ഷിണമേഖലാ മത്സരങ്ങളും 27 മുതൽ 31 വരെ അഖിലേന്ത്യാ മത്സരങ്ങളും നടക്കും.
ദക്ഷിണമേഖലാ മത്സരങ്ങളിൽ 67 ടീമുകൾ പങ്കെടുക്കും. നോക്കൗട്ട് -കം-ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ.
എയ്ഞ്ചൽ ജോസഫ് നയിക്കും
01:07 AM Oct 19, 2017 | Deepika.com