ന്യൂഡല്‍ഹി: ഫിഫയുടെ ഒരു ടൂര്‍ണമെന്റ് നടത്തിക്കൊണ്ട് ഇന്ത്യ ചരിത്രം കുറിച്ചപ്പോള്‍ ആ മണ്ണില്‍ ഒരു വനിത ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്നു. അണ്ടര്‍ 17 ലോകകപ്പിലെ ജപ്പാന്-ന്യൂകാലിഡോണിയ മത്സരം നിയന്ത്രിച്ചുകൊണ്ട് പുരുഷന്മാരുടെ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതയെന്ന പേര് സ്വന്തമാക്കാന്‍ എസ്തേര്‍ സ്റ്റുബ്ലി ഒരുങ്ങുകയാണ്.
നാളെ കോല്‍ക്കത്തയിലെ സോള്‍ട്ട് ലേക് സ്റ്റേഡിയത്തിലാണ് മത്സരം. വനിതകളെ ഒഫീഷ്യല്സാക്കിക്കൊണ്ട് ഫുട്ബോളില്‍ വനിതകളുടെ ഉന്നമനമാണ് ഫിഫ ലക്ഷ്യമിടുന്നത്. അണ്ടര്‍ 17 ലോകകപ്പിന് ഏഴു വനിതാ റഫറിമാരെയാണ് ഫിഫ ക്ഷണിച്ചത്. ഫിഫയുടെ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന റഫറിമാരെ ഫിഫയുടെ റഫറീസ് കമ്മിറ്റിയാണ് തെരഞ്ഞെടുക്കുന്നത്. സെമിനാറുകള്‍, ക്ലാസ്റൂം പഠനങ്ങള്‍, കളത്തിലുള്ള പരിശീലന പഠനങ്ങള്‍ എന്നിവയെല്ലാം റഫറിമാര്‍ക്കായി നടത്തുന്നുണ്ട്.
2019 വനിതാ ലോകകപ്പിനു മുമ്പ് വനിതാ റഫറിമാര്‍ക്ക് പരിചയസമ്പത്ത് ഉയര്‍ത്താനായിട്ടാണ് ഫിഫ വനിതകളെ പ്രധാന ടൂര്‍ണമെന്റുകളില്‍ റഫറിമാരായി നിയമിക്കുന്നത്.
1979 ഒക്ടോബര്‍ 3ന് സ്വിറ്റ്സര്‍ലന്‍ഡിലാണ് എസ്തേര്‍ സ്റ്റുബ്ലി ജനിച്ചത്. 2006 മുതല്‍ ഫിഫ ഇന്റര്‍നാഷണല്‍ റഫറി ലിസ്റ്റില്‍ അംഗമാണ്. 2015ലെ യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റഫറിയായിരുന്നു. 2015ലെ വനിത ഫുട്ബോള്‍ ലോകകപ്പിലും സേവനമനുഷ്ടിച്ചു.
ലോകകപ്പ് നിയന്ത്രിക്കാന്‍ വനിതാ റഫറി
12:18 AM Oct 13, 2017 | Deepika.com