തിരുവനന്തപുരം: കായിക വികസനത്തിനും കായികതാരങ്ങളുടെ ഉന്നമനത്തിനുമായി വൻ പ്രഖ്യാപനങ്ങൾ നടത്തുന്ന സർക്കാർ ദേശീയ സ്കൂൾ കായിക മേളയിൽ മിന്നും വിജയം നേടിയ കായിക താരങ്ങൾക്ക് നല്കാമെന്നു പ്രഖ്യാപിച്ച പാരിതോഷികം ഇന്നും കായികതാരങ്ങൾക്ക് കിട്ടാക്കനി. ദേശീയ സ്കൂൾ കായികമേളയിൽ 2012 മുതൽ മെഡൽനേട്ടം സ്വന്തമാക്കിയ നൂറുകണക്കിന് കായികതാരങ്ങൾക്ക് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച പാരിതോഷിക തുകയാണ് കഴിഞ്ഞ അഞ്ചു വർഷമായി നല്കാതിരിക്കുന്നത്. സ്വർണം നേടുന്നവർക്ക് 25000 രൂപയും വെള്ളിനേട്ടത്തിന് 15000 രൂപയും വെങ്കല നേട്ടത്തിന് 10000 രൂപയുമാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്.
കായികമേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുത്തൻ തലമുറയ്ക്ക് പരമാവധി സഹായം നല്കുക എന്ന ലക്ഷ്യത്തോടെയാണു സാമ്പത്തികമായുള്ള പിന്തുണയും മെഡൽ നേട്ടക്കാർക്ക് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ, എല്ലാ വർഷവും മെഡൽ നേട്ടം സ്വന്തമാക്കി സംസ്ഥാനത്തിനു വേണ്ടി ചാമ്പ്യൻ പട്ടവുമായി കായികതാരങ്ങൾ നാട്ടിലെത്തുമ്പോൾ വീണ്ടും പാരിതോഷികം പ്രഖ്യാപിക്കും. യുഡിഎഫ് സർക്കാരിന്റെ കാലം മുതൽക്കുള്ള പണം ഇനിയും നല്കാനുണ്ട്.
ഇടതു സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ വിദ്യാർഥികളുടെ സമ്മാനത്തുക ഉടൻ നല്കുമെന്ന പ്രഖ്യാപനം വന്നതാണ്. എന്നാൽ, ഇടതു സർക്കാർ അധികാരത്തിലെത്തി രണ്ടാം വർഷത്തെ സംസ്ഥാന സ്കൂൾ കായിക മേള നടത്താൻ ദിവസങ്ങൾ മാത്രം ബാക്കി നില്ക്കേയും ഇനിയും ഈ കുട്ടികളുടെ പാരിതോഷിക പണം നല്കാൻ നടപടികളായിട്ടില്ല. മെഡൽ നേട്ടം സ്വന്തമാക്കിയ കായികതാരങ്ങൾക്ക് പാരിതോഷികം നല്കുന്നതോടൊപ്പം അവരുടെ പരിശീലകർക്കും 5000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കായിക മേഖലയിൽ, പ്രത്യേകിച്ച് അത്ലറ്റിക്സിൽ, എത്തുന്ന കായികതാരങ്ങളിലേറെയും സാമ്പത്തികമായി പിന്നോക്കം നില്കുന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നു വരുന്നവരാണ്. സ്പൈക്സ് പോലും വാങ്ങാൻ പണമില്ലാത്ത നിരവധി കായിക താരങ്ങൾ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ടെന്നത് വസ്തുതയാണ്.
ഇല്ലായ്മയോടു പടവെട്ടി മെഡൽ നേട്ടം സ്വന്തമാക്കിയ കായികതാരങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച പണം നല്കിയാൽ ആ കായികതാരങ്ങൾക്ക് അത് ഏറെ സഹായകരമാകും. ഇന്ത്യയ്ക്കു വേണ്ടി ഏഷ്യൻ ഇൻഡോർ മീറ്റിൽ സ്വർണം നേടിയ പി.യു ചിത്ര ഉൾപ്പെടെയുള്ളവർ സർക്കാരിന്റെ കുടിശിക പട്ടികയിൽ ഉൾപ്പെടുന്ന താരങ്ങളാണ്. അഞ്ചു വർഷം മുമ്പു മെഡൽ നേട്ടം സ്വന്തമാക്കിയവർ മുതൽ കഴിഞ്ഞ വർഷം മെഡൽ നേട്ടത്തിന് അർഹരായവർ വരെ സർക്കാർ പ്രഖ്യാപിച്ച പാരിതോഷികത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്.
തോമസ് വർഗീസ്
കായികതാരങ്ങളുടെ കാത്തിരിപ്പിന് അഞ്ചു വയസ് ; സർക്കാർ പാരിതോഷികം
12:48 AM Oct 12, 2017 | Deepika.com