റാഞ്ചി: വര്‍ധിത ആത്മവിശ്വാസവുമായി ഇന്ത്യ ഇന്ന് ആദ്യ ട്വന്റി 20 മത്സരത്തിനിറങ്ങുമ്പോള്‍ ഓസ്ട്രേലിയ തങ്ങളുടെ നിര്‍ഭാഗ്യം തിരുത്തിക്കുറിക്കാനുള്ള വഴികള്‍ തേടുകയാവും. മൂന്നു മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്.
ഇന്ത്യ ആധിപത്യം പുലര്‍ത്തിയ ഏകദിന പരമ്പരയിലെ 4-1 വിജയത്തോടെ ലോകറാങ്കിംഗില്‍ ഒന്നാമതെത്തിയത് ആതിഥേയരുടെ വീര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ട്വന്റി 20യിലും ഇതു തുടരുക എന്ന ലക്ഷ്യവുമായാണ് കോഹ്ലിപ്പട കളിക്കളത്തിലിറങ്ങുന്നത്. ഏകദിനത്തിലേതു പോലെ ബൗളിംഗില്‍ തന്നെയാണ് ക്യാപ്റ്റന്‍ ഇത്തവണയും വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. ആക്രമണവീര്യമുള്ള ബാറ്റിംഗ് നിരയും ഉന്നം പിഴയ്ക്കാത്ത ബൗളിംഗ് നിരയും ഓസ്ട്രേലിയയ്ക്കു ഭീഷണിയുയര്ത്തുമെന്നതില് തര്‍ക്കമില്ല.
ടീമിലേക്ക് തിരികെയെത്തിയിരിക്കുന്ന ആശിഷ് നെഹ്റയിലേക്കാണ് എല്ലാ കണ്ണുകളും. ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലാണ് നെഹ്റ ഒടുവില്‍ ബോളെടുത്തത്. എതിരാളിയെ കൊല്ലുന്ന പേസുകളാണ് ആശിഷിന്റെ പ്രത്യേകത. ഇതിനൊപ്പം യുവനിരയിലെ പേസ് ആക്രമണകാരികളായ ഭുവനേശ്വറും ബുംറയും കൂടിച്ചേരുമ്പോള്‍ ഗ്രൗണ്ടില്‍ തീപാറും.
മധ്യനിര ബാറ്റിംഗിന്റെ പരാജയമാണ് ഓസ്ട്രേലിയയെ പരാജയത്തിലേക്കു തള്ളിവിട്ടു കൊണ്ടിരിക്കുന്നത്. സ്മിത്തിലും വാര്‍ണറിലും ടീം അമിതവിശ്വാസമര്പ്പിച്ചിരിക്കുന്നത് ഇവരുടെ സമ്മര്‍ദം കൂട്ടുന്നുണ്ട്.
ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ട്വന്റി 20 ഇന്ന്
12:40 AM Oct 07, 2017 | Deepika.com