വളരെ സന്തോഷപ്രദമായ മുഹൂര്‍ത്തങ്ങളിലേക്കു ചുവടു വയ്ക്കുകയാണ് ഇന്ത്യന്‍ ഫുട്ബോള്‍. അണ്ടര്‍-17 ലോകകപ്പ് ഫുട്ബോളിനെ നമ്മുടെ രാജ്യം ആതിഥ്യമരുളുമ്പോള്‍ ഒരുപാട് ലക്ഷ്യങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. പ്രധാനമായും ഇന്ത്യന്‍ ഫുട്ബോളിനു ഉന്നതിയിലെത്തിക്കാന്‍ ഇതുകൊണ്ട് സാധിക്കുമോ എന്നതാണ്. സാധിക്കുമെന്നാണ് എനിക്കു തോന്നുനത്.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്ടീം മികച്ചൊരു സംഘമായി മാറിക്കഴിഞ്ഞു. അവര്‍ ധാരാളം മത്സരങ്ങള്‍ കളിക്കുകയും മോശമല്ലാത്ത റിസള്‍ട്ട് ഉണ്ടാക്കുകയും ചെയ്തതില്‍ അഭിമാനം തോന്നുന്നു. ഇനി ഈ ടീമിനെ നിലനിര്‍ത്തി കൊണ്ടുപോകുന്ന പദ്ധതികളാണ് വേണ്ടത്. അങ്ങനെ വരുമ്പോള്‍ മറ്റു ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയ്ക്കു കരുത്തു കാട്ടാനാകും. അതേ, പ്രായവിഭാഗ ടീമുകളാണ് ഇനി ആവശ്യം. ഇപ്പോള്‍ പല ക്ലബ്ബുകള്‍ക്കും ഇതുണ്ട്. ഇത്തരം ഗ്രൂപ്പുകള്‍ വളര്‍ന്നു ഫുട്ബോളിന്റെ ഒരു കേന്ദ്രമായി ഇന്ത്യ മാറണം.
അതിനു വിഭവശേഷിയുള്ള നാടാണ് ഇന്ത്യ. സ്പോണ്സര്മാരെയും കണ്ടെത്താന്‍ പ്രയാസമില്ല. കഠിനാധ്വാനവും വിശാലമായ ശ്രമവും നടത്തിയാല്‍ ഇതു നേടിയെടുക്കാമെന്നാണ് തന്റെ വിശ്വാസം. കൂടുതല്‍ അവസരങ്ങളാണ് കേരളത്തിലെ കുട്ടികള്‍ക്കു ഇതുകൊണ്ടു ലഭിക്കാന്‍ പോകുന്നത്. ഇന്ത്യന്‍ ടീമിലെ 21 അംഗ ടീമില്‍ എട്ടു താരങ്ങള്‍ മണിപ്പൂരില്‍ നിന്നുള്ള കുട്ടികളാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണ് ഇന്ത്യന്‍ ഫുട്ബോളില്‍ ഇപ്പോള്‍ മേധാവിത്വമെന്നു കാണാം.
തൃശൂര്‍ സ്വദേശി കെ.പി. രാഹുല്‍ മാത്രമാണ് കേരളത്തിന്റെ സാന്നിധ്യമറിയിക്കുന്നത്. ഒരുകാലത്ത് കേരള താരങ്ങളായിരുന്നു ഇന്ത്യന്‍ ഫുട്ബോളില്‍ തിളങ്ങി നിന്നിരുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ അപ്പോഴെല്ലാം പേരിനു മാത്രമായിരുന്നു. കായികരംഗം മാറുകയാണ്. അതനുസരിച്ചു കേരളവും മുന്നേറണം.
തയാറാക്കിയത് വി. മനോജ്
മാസ്റ്റേഴ്സ് സ്പീക്കിംഗ് കെ.ടി. ചാക്കോ
12:49 AM Oct 04, 2017 | Deepika.com