ജിറോണ: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്സലോണയ്ക്കു തുടര്‍ച്ചയായ ആറാം ജയം. ബാഴ്സലോണ എതിരില്ലാത്ത മൂന്നു ഗോളിന് ജിറോണയെ തോല്‍പ്പിച്ചു. രണ്ടു സെല്‍ഫ് ഗോളുകളാണ് ബാഴ്സലോണയുടെ ജയത്തിൽ പ്രധാനമായത്. ഫ്രാന്‍സിസ്കോ അഡെ (17), ഗോര്‍ക ഇറായിസോസ് (48) എന്നിവരെയാണ് ബാഴ്സലോണ സ്വന്തം വല കുലുക്കാന്‍ നിര്‍ബന്ധിതരാക്കിയത്. ബാഴ്സലോണ സ്വന്തമായി നേടിയ ഗോള്‍ ലുയിസ് സുവാരസിന്റെ (69) വകയായിരുന്നു. ജയത്തോടെ ബാഴ്സലോണയ്ക്കു 18 പോയിന്റായി. രണ്ടാമതുള്ള അത്ലറ്റിക്കോ മാഡ്രിഡിന് 14 പോയിന്റും. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡുമായി ബാഴ്സലോണയ്ക്ക് ഏഴു പോയിന്റ് വ്യത്യാസമാണുള്ളത്.
ബാഴ്സലോണയ്ക്കുവേണ്ടി ലീഗില്‍ ആറു കളിയില്‍ ഒമ്പത് ഗോള്‍ നേടിയ ലീഗിലെ തന്നെ ടോപ് സ്കോററായ ലയണല്‍ മെസിയെ ഗോളടിക്കാന്‍ അനുവദിക്കാതെ ജിറോണ ശക്തമായ പ്രതിരോധമാണ് തീര്‍ത്തത്. ജോര്‍ഡി ആല്‍ബ ഉയര്‍ത്തിവിട്ട പന്ത് അഡെയുടെ കാലില്‍തട്ടി സ്വന്തം വലയില്‍ വീണു. ഇതിനുശേഷം ജിറോണ ഗോള്‍കീപ്പര്‍ ഇറായിസോസ് ഗോളെന്നുറച്ച ചില അവസരങ്ങള്‍ തട്ടിയകറ്റി. എന്നാല്‍ രണ്ടാം പകുതിയില്‍ സ്വന്തം പേരില്‍ സെല്‍ഫ് ഗോള്കുറിക്കുന്നത് തടയാന്‍ ഗോള്‍കീപ്പര്‍ക്കായില്ല. ലീഡ് നേടിയശേഷവും ബാഴ്സലോണ ആക്രമണം കൂട്ടി. 69-ാം മിനിറ്റില്‍ സുവാരസ് ബാഴ്സലോണയുടെ മൂന്നാം ഗോള്‍ നേടി.
ബാഴ്സയ്ക്കു തുടര്‍ ജയം
11:29 PM Sep 24, 2017 | Deepika.com