തിരുവനന്തപുരം: സൗത്ത് സോണ്‍ ജൂണിയര്‍ അത്ലറ്റിക് മീറ്റിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മീറ്റില്‍ അഞ്ചു സംസ്ഥാനങ്ങളില്‍നിന്നും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും ഉള്‍പ്പെടെയുള്ള 900 ത്തോളം താരങ്ങളാണ് മെഡല്‍ നേട്ടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്. തുടര്‍ച്ചയായി പെയ്തിറങ്ങുന്ന കൊടും മഴയാണ് മീറ്റിന്റെ പ്രധാന വില്ലനായി നില്‍ക്കുന്നത്.
മഴയാണെങ്കിലും മത്സരം മാറ്റിവയ്ക്കാനുള്ള സാധ്യതയില്ലെന്നു അത്ലറ്റിക് ഫെഡറേഷന് അധികൃതര്‍ വ്യക്തമായി. കായിക കലണ്ടര്‍ അനുസരിച്ചുള്ള തീയതിയില്‍ തന്നെ പരമാവധി മത്സരം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. ആന്ധ്ര, തമിഴ്നാട്, കേരളം, കര്‍ണാടകം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളും പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമുള്ള കായികതാരങ്ങളാണ് തങ്ങളുടെ പ്രകടന മികവ് തെളിയിക്കാനായി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നിട്ടുള്ളത്.
ഇന്ന് രാവിലെ 6.15 ന് നടക്കുന്ന 20 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 10000 മീറ്റര്‍ ഓട്ടമത്സരത്തോടെയാണ് മീറ്റിന് തുടക്കമാകുക. ഈയിനത്തില്‍ കേരളത്തിനുവേണ്ടി ഷെറിന് ജോസ് മത്സരിക്കുന്നുണ്ട്. തുടര്‍ന്നു നടക്കുന്ന 20 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ അഞ്ജു മുരുകന്, പി.ആര് അലീഷ എന്നിവരും മെഡല്‍ പ്രതീക്ഷയോടെ മലയാളികള്‍ക്കായി പോരാട്ടത്തിന് ഇറങ്ങും. മീറ്റിന്റെ ആദ്യദിനമായ ഇന്ന് 53 ഫൈലുകള്‍ക്ക് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം വേദിയാകും.
ഡേവിസ്കപ്പിൽ ഇന്ത്യ പിന്നിൽ
എഡ്മണ്ടൻ: ഡേവിസ് കപ്പ് ടെന്നീസ് ലോകഗ്രൂപ്പ് പ്ലേ ഓഫിന്റെ രണ്ടാം ദിനം ഇന്ത്യക്ക് നിരാശ. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷയായിരുന്ന രോഹന് ബൊപ്പണ്ണ- പുരവ് രാജ സഖ്യം തോല്‍വി ഏറ്റുവാങ്ങിയതോടെ ലീഡ് നേടാനുള്ള സുവർണാവസരം ഇന്ത്യക്ക് നഷ്ടമായി. ഇതോടെ കാനഡയ്ക്ക് 2-1 ലീഡായി.
ഡാനിയല്‍ നെസ്റ്റര്‍- വാസക് പ്രോസ്പിസില് സഖ്യത്തോട് ഏറ്റുമുട്ടിയാണ് ഇന്ത്യന്‍താരങ്ങള്‍ പരാജയപ്പെട്ടത്. രണ്ടുമണിക്കൂര്‍ 52 മിമിട്ട് നീണ്ട മത്സരത്തില്‍ 5-7,5-7,7-5,3-6 എന്ന സ്കോറിന് ബൊപ്പണ്ണ സഖ്യം തോറ്റു. മത്സരത്തിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായിരുന്നു ഇരുപത്തേഴുകാരമായ പ്രോസ്പിസില്. നാലുപേരില്‍ സിംഗിള്‍സ് കളിക്കുന്ന ഏക താരവും ഇദ്ദേഹമാണ്.ഡേവിസ് കപ്പിന്റെ ആദ്യദിനത്തില്‍ ഇന്ത്യന്‍ താരം രാംകുമാര്‍ രാമനാഥന് വിജയം നേടിയിരുന്നു. അതേസമയം ഇന്ത്യയുടെ യുകി ഭാംബ്രി കനേഡിയന്‍ താരം ഷപോവലോവിനോട് തോല്‍ക്കുകയും ചെയ്തിരുന്നു.
തോമസ് വർഗീസ്
സൗത്ത് സോണ്‍ അത്ലറ്റിക്സിന് ഇന്നു തുടക്കം
11:44 PM Sep 17, 2017 | Deepika.com