കൊച്ചി: ഫിഫ അണ്ടർ 17 ലോക കപ്പിന്റെ ഭാഗമായുള്ള -വണ്‍ മില്യണ്‍ ഗോൾ- എന്ന പ്രചാരണ പരിപാടി വിജയമാക്കാൻ ജില്ല ഒരുങ്ങുന്നു. 27ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ വൈകുന്നേരം ഏഴ് വരെ സംസ്ഥാനത്ത് ബഹുജന പങ്കാളിത്തത്തോടെ ഒരു മില്യൺ (10 ലക്ഷം) ഗോളുകൾ അടിക്കുകയും ഇതിലൂടെ വ്യത്യസ്ത പ്രായപരിധിയിലുള്ള പരമാവധി ആളുകളെ ഫിഫ ലോക കപ്പിനെ കുറിച്ച് ബോധവാൻമാരാക്കുകയുമാണ് പ്രചാരണ പരിപാടിയുടെ ലക്ഷ്യം. വണ്‍ മില്യൻ ഗോൾ പരിപാടിയിൽ ജില്ലയിൽ ബഹുജനപങ്കാളിത്തം ഉറപ്പാക്കാനായി കളക്ടറേറ്റിൽ എഡിഎമ്മിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
ജില്ലയിൽ ഓരോ ഗ്രാമപഞ്ചായത്തിലും 2000 ഗോളുകൾ, ഓരോ മുനിസിപ്പാലിറ്റിയിലും 10,000 ഗോളുകൾ, ഓരോ കോർപറേഷനിലും 15,000 ഗോളുകൾ എന്നിങ്ങനെയാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഓരോ പഞ്ചായത്തിലും കുറഞ്ഞത് രണ്ടു ഗോൾ പോസ്റ്റും മുനിസിപ്പാലിറ്റിയിൽ അഞ്ചും കോർപറേഷനിൽ പത്തും ഗോൾ പോസ്റ്റുകൾ ക്രമീകരിക്കണം എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരികളോട് യോഗത്തിൽ ആവശ്യപ്പെട്ടു. ഓരോ ഗോൾ പോസ്റ്റിലും രണ്ടു വീതം വോളന്റിയർമാരെ നിയോഗിക്കണം.
എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും പ്രായ, ലിംഗ ഭേദമെന്യേ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാം. പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള സ്കൂളുകൾ അതതു പഞ്ചായത്തുകളുമായി ബന്ധപ്പെടേണ്ടതാണ്.
വിശദാംശങ്ങൾ sportscouncilekm@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. മറ്റ് വിവരങ്ങൾക്കായി സ്പോർട്സ് കൗണ്‍സിലുമായി ബന്ധപ്പെടേണ്ട നന്പർ -0484- 2367580.
‘വൺ മില്യൺ ഗോൾ’ 27ന്
11:55 PM Sep 16, 2017 | Deepika.com