ബംഗളൂരു: അഞ്ചുമാസം മുമ്പ് പരിക്കിന്റെ പിടിയിലായ ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പര്‍ പി. ആര്. ശ്രീജേഷ്, കളിക്കളത്തിലെ തന്റെ അനുഭവസമ്പത്ത് യുവതാരങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. യുവതാരങ്ങളെ വിലയിരുത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതുവഴി തന്റെയും നിലവാരം കൂടുതല്‍ മെച്ചപ്പെടുമെന്നാണ് താരത്തിന്റെ അഭിപ്രായം.
താന്‍ കളിക്കളത്തില്‍ തിരിച്ചെത്തുമ്പോള്‍ മെച്ചപ്പെടുത്തേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് സ്വയം വിലയിരുത്താനുമാകും. യുവതാരങ്ങളില്‍ നിന്നും ഏറെ പഠിക്കാനുണ്ടെന്നും താരം പറഞ്ഞു. കഴിഞ്ഞ അസ്ലന് ഷാ കപ്പിനിടെയാണ് ശ്രീജേഷിന് കാല്‍മുട്ടില്‍ പരിക്കേറ്റത്. ലണ്ടനില്‍ നടന്ന വേള്‍ഡ് ലീഗ് സെമിഫൈനല്‍, പരിക്കിനെത്തുടര്‍ന്ന് താരത്തിന് നഷ്ടമായിരുന്നു. ചികിത്സ തുടരുന്നതിനിടെ, ബംഗളൂരുവിലെ സായ് സെന്ററില്‍ ടീമംഗങ്ങള്‍ ഒത്തുകൂടിയപ്പോഴായിരുന്നു ശ്രീജേഷിന്റെ പ്രതികരണം. ധാക്കയില്‍ നടക്കാനുള്ള ഏഷ്യാകപ്പില്‍ പങ്കെടുക്കുന്ന യുവനിരയുടെ പരിശീലനക്യാമ്പില്‍ ശ്രീജേഷ് നിര്‍ദേശങ്ങള്‍ നല്‍കും. പുതിയ പരിശീലകന്റെ കീഴിൽ ഇന്ത്യ മുന്നേറുമെന്ന് ശ്രീജേഷ് പറഞ്ഞു.
യുവതാരങ്ങളുമായി അനുഭവങ്ങൾ പങ്കുവയ്ക്കാൻ ശ്രീജേഷ്
12:39 AM Sep 14, 2017 | Deepika.com