ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില. എവേ മത്സരത്തില്‍ സ്റ്റോക് സിറ്റിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 2-2ന് സമനിലയില്‍ കുടുക്കിയത്. ടോട്ടനം എവര്‍ട്ടന്റെ ഗുഡിസണ്‍ പാര്‍ക്കില്‍ 3-0ന് ജയിച്ചു.
മൂന്നു തുടര്‍ജയങ്ങളുമായി പ്രീമിയര്‍ ലീഗ് തുടങ്ങിയ യുണൈറ്റഡ് മുന്നില്‍നിന്നശേഷമാണ് സമനില വഴങ്ങിയത്. ആവേശകരമായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ റൊമേലു ലുക്കാക്കുവിലൂടെ യുണൈറ്റഡ് മുന്നിലെത്തിയതാണ്. എന്നാല്‍, എറിക് മോട്ടിംഗ് ഹെഡറിലൂടെ നേടിയ രണ്ടാം ഗോള്‍ യുണൈറ്റഡിന്റെ വിജയക്കുതിപ്പ് അവസാനിപ്പിച്ചു.
സ്വന്തം കാണികളുടെ ആവേശത്തില്‍ സ്റ്റോക് സിറ്റിയാണ് ആദ്യം മുന്നേറ്റം നടത്തിയത്. അപകടം മണത്ത യുണൈറ്റഡ് വേഗം തന്നെ മത്സരത്തിലേക്കു കടന്നു. ലുക്കാക്കുവിനു ലഭിച്ച അവസരം കൃത്യമായി പ്രയോജനപ്പെടുത്താനായില്ല. ഇതിനുശേഷം യുണൈറ്റഡിന് അനുകൂലമായി ലഭിച്ച സെറ്റ്പീസുകള്‍ ഉപയോഗപ്പെടുത്താനായില്ല. സ്റ്റോക് സിറ്റി താരങ്ങള്‍ യുണൈറ്റഡ് ബോക്സിലേക്കു കയറി ശക്തമായ ആക്രമണം നടത്തിയെങ്കിലും ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയയുടെ രക്ഷപ്പെടുത്തലുകള്‍ തുണയായി. ആദ്യപകുതി അവസാനിക്കാന്‍ രണ്ടു മിനിറ്റുള്ളപ്പോള്‍ ചൗപോ മോട്ടിംഗ് ഹോം ടീമിനെ മുന്നിലെത്തിച്ചു.
സ്റ്റോക്കിന്റെ ലീഡിന് അധികം ആയുസില്ലായിരുന്നു. രണ്ടു മിനിറ്റുള്ളില്‍ യുണൈറ്റഡ് സമനില പിടിച്ചു. പോള്‍ പോഗ്ബയുടെ ഹെഡറില്‍നിന്ന് മാര്‍ക്കസ് റഷ്ഫര്ഡ് വല കുലുക്കി. രണ്ടാം പകുതിയും ആദ്യ പകുതിപോലെ ആക്രമണപ്രത്യാക്രമണങ്ങള്‍ നിറഞ്ഞതായിരുന്നു. 57-ാം മിനിറ്റില്‍ ലുക്കാക്കു യുണൈറ്റഡിനെ മുന്നിലെത്തിച്ചു. ബെല്‍ജിയന്‍ സ്ട്രൈക്കറുടെ ആദ്യ ഷോട്ട് ജാക് ബട്ലാന്‍ഡ് ബ്ലോക് ചെയ്തെങ്കിലും കൈപ്പിടിയില്‍ ഒരുതുക്കാനായില്ല. കൈയില്‍നിന്നു വഴുതിയ പന്ത് ലുക്കാക്കു വലയിലെത്തിച്ചു. ആറു മിനിറ്റിലുള്ളില്‍ ചൗപോ മോട്ടിംഗിന്റെ ഹെഡര്‍ യുണൈറ്റഡിന്റെ വല ഒരിക്കല്‍ക്കൂടി ചലിപ്പിച്ചു.
നാലു കളികളിൽനിന്ന് 10 പോയിന്റ് നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ലീഗിൽ തലപ്പത്ത്. അത്ര തന്നെ പോയിന്റുള്ള സിറ്റിയാണ് രണ്ടാമത്.
യുണൈറ്റഡിനു സമനില, ടോട്ടനത്തിനു ജയം
11:36 PM Sep 10, 2017 | Deepika.com